കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കോ-പൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. അഖിലേഷിന്റെ ജന്മനാടായ ഉത്തർപ്രദേശിലെ മഥുരയിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. സംസ്കാരത്തിനു കുറച്ചു മുൻപ് മാത്രമാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മരണവാർത്ത അറിയിച്ചത്. പൂർണഗർഭിണിയായ മേഘയുടെ ആരോഗ്യസ്ഥിതിയോർത്ത് കുടുംബാംഗങ്ങൾ അഖിലേഷിന്റെ വിയോഗവാർത്ത മേഘയെ അറിയിച്ചിരുന്നില്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ മേഘ ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് അഖിലേഷിന്റെ അപ്രതീക്ഷിതമായ വിയോഗം. രണ്ടുവർഷം മുൻപായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. കോഴിക്കോട് എയർ ഇന്ത്യ ബേസിലായിരുന്നു അഖിലേഷും മേഘയും താമസിച്ചിരുന്നത്. എന്നാൽ പ്രസവം അടുത്തതോടെ കഴിഞ്ഞ ജൂണിലാണ് മേഘ അഖിലേഷിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആഗസ്ത് 21 മുതൽ പതിനഞ്ചു ദിവസത്തേക്ക് ലീവിൽ പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു അഖിലേഷ്.
Read more: ഞാന്‍ വീഴുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്; ദീപക് സാത്തെയെ ഓര്‍ത്ത് കുടുംബം
പൈലറ്റ് ആവുകയെന്നതായിരുന്നു എന്നും അഖിലേഷിന്റെ ആഗ്രഹഹമെന്ന് പിതാവായ തുളസിറാം പറയുന്നു. “വളരെ മിടുക്കനും ബുദ്ധിമാനുമായ കുട്ടിയായിരുന്നു അഖിലേഷ്. അവനെ ഒരു ഐഎഎസ് ഓഫീസർ ആക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്, പക്ഷേ അവൻ പറക്കാൻ ആഗ്രഹിച്ചു.”
മഹാരാഷ്ട്രയിലെ ഓക്സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അഖിലേഷ് 2017 ലാണ് എയർ ഇന്ത്യയിൽ ചേർന്നത്. സ്വന്തം ഗ്രാമത്തിൽ നിന്നും പൈലറ്റായ ആദ്യത്തെ ചെറുപ്പക്കാരൻ കൂടിയായിരുന്നു അഖിലേഷ്.
ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത് ദൗത്യവിമാനത്തിന്റെ സഹവൈമാനികൻ കൂടിയായിരുന്നു അഖിലേഷ് കുമാർ. വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ക്രൂവിനെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്.
Read more: അന്ന് വന്നത് ഹര്‍ഷാരവങ്ങളിലേക്ക്, ഇന്ന് മരണത്തിലേക്കും
വെള്ളിയാഴ്ച രാത്രി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അതിദാരുണമായ വിമാനാപകടത്തില്‍ പൈലറ്റുകളായ ദീപക സാഠേ, അഖിലേഷ് കുമാർ എന്നിവർ ഉൾപ്പെടെ 19 പേരാണ് ഇത് വരെ മരിച്ചത്. അനേകം പേര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് എത്തിയ വിമാനമാണ് റണ്‍വേയില്‍ നിന്നും സ്കിഡ് ചെയ്ത് താഴേക്ക് പതിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി മുറിഞ്ഞു.