ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിലുളള ജെകെ ലോൺ സർക്കാർ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. ഇതിൽ 100 കുഞ്ഞുങ്ങൾ ഡിസംബറിലാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ 100 കുഞ്ഞുങ്ങളിൽ 10 പേർ ഡിസംബർ 23, 24 തീയതികളിലായി ജനിച്ച് 48 മണിക്കൂറിനുളളിലാണ് മരിച്ചത്.

ആശുപത്രിയിൽ പരിശോധന നടത്താൻ കേന്ദ്രസർക്കാർ സംഘം ഇന്നെത്തി. മരിച്ച കുഞ്ഞുങ്ങളിൽ ചിലരുടെ കുടുംബാംഗങ്ങളെ ലോക്‌സഭ സ്‌പീക്കറും കോട്‌ല എംപിയുമായ ഓൺ ബിർല സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ ഒപ്പം നിൽക്കുന്നതായും ആശുപത്രിയിലെ മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിച്ച് താൻ രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതായും ഓം ബിർല പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Read Also: എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല? വിമര്‍ശിച്ച് രമേശ് ചെന്നിത്തല

വെളളിയാഴ്ച ആരോഗ്യമന്ത്രി രഘു ശർമയും ആശുപത്രി സന്ദർശിച്ചിരുന്നു. കുഞ്ഞുങ്ങളുടെ മരണത്തിനു പിന്നിൽ ചികിത്സാ അവഗണന ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. പക്ഷേ ഭരണപരമായ അശ്രദ്ധ ഉണ്ടായിട്ടുണ്ട്. അതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്‌ല ഡിവിഷനിലെ കുട്ടികൾക്കുള്ള ഏറ്റവും വലിയ സൗകര്യമാണ് ജെ കെ ലോൺ ആശുപത്രിയിലുളളത്. ബാരൻ, ബുണ്ടി, ജാലവാർ തുടങ്ങിയ തൊട്ടടുത്തുളള ജില്ലകളിൽനിന്നായി ദിവസവും നൂറിലധികം പേരാണ് ആശുപത്രിയിലെത്തുന്നത്. തൊട്ടടുത്ത സംസ്ഥാന മധ്യപ്രദേശിൽനിന്നുപോലും നിരവധി പേർ ഈ ആശുപത്രിയിൽ ചികിത്സ തേടി എത്താറുണ്ട്.

ആശുപത്രിയിലെ പീഡിയാട്രിക്സ് ഡിപ്പാർട്മെന്റിന്റെ കണക്കുപ്രകാരം, 2019 ജനുവരി മുതൽ ഓരോ മാസവും 60 കുട്ടികളാണ് മരിക്കുന്നത്. ചില മാസങ്ങളിൽ എണ്ണം 100 കടക്കാറുണ്ട്. ഓഗസ്റ്റ് (87), സെപ്റ്റംബർ (90), ഒക്ടോബർ (91), നവംബർ (101), ഡിസംബർ (100) എന്നിങ്ങനെയാണ് കണക്കുകൾ. നവജാതശിശുക്കളെ തീവ്രപരിചരണ വിഭാഗത്തിലും ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചത്. മരണം സംശയാസ്പദമല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടമൊന്നും നടത്തിയിട്ടില്ല.

അതേസമയം, ഇത് അസാധാരണ സംഭവമല്ലെന്നാണ് സർക്കാരിന്റെ വാദം. 2019 ൽ 963 കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ വർഷങ്ങളെക്കാൾ കുറവാണിതെന്നാണ് സർക്കാർ പറയുന്നത്. 1198 (2014), 1260 (2015), 1193 (2016), 1027 (2017), 1005 (2018) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ. ഈ കണക്കുകൾ പ്രകാരം ഓരോ മാസവും ശരാശരി 100 കുഞ്ഞുങ്ങളാണ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook