ജയ്പൂർ: ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ ഈടാക്കിയ 33 രൂപ തിരികെ കിട്ടാൻ യുവാവ് പോരാടിയത് 2 വർഷം. രാജസ്ഥാനിലെ കോട്‌ലയിൽ താമസിക്കുന്ന എൻജിനീയറായ 30 കാരൻ സുജീത് സ്വാമിയാണ് ഇന്ത്യൻ റെയിൽവേയോട് പോരാടി വിജയം നേടിയത്.

കോട്‌ലയിൽനിന്നും ന്യൂഡൽഹിയിലേക്ക് ജൂൺ രണ്ടിന് യാത്ര ചെയ്യാൻ 2017 ഏപ്രിലിലായിരുന്നു സ്വാമി ടിക്കറ്റ് ബുക്ക് ചെയ്തത്. 765 രൂപയായിരുന്നു ടിക്കറ്റ് വില. വെയ്റ്റിങ് ലിസ്റ്റിലായിരുന്ന സ്വാമി പിന്നീട് ടിക്കറ്റ് ക്യാൻസൽ ചെയ്തു. ക്യാൻസൽ ചെയ്തപ്പോൾ 665 രൂപയാണ് സ്വാമിക്ക് തിരികെ ലഭിച്ചത്. ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കേണ്ടിയിരുന്ന 65 രൂപയ്ക്ക് പകരം 100 രൂപയാണ് സ്വാമിയുടെ പക്കൽനിന്നും റെയിൽവേ ഈടാക്കിയത്. 65 രൂപ ക്ലെറിക്കൽ ചാർജും 35 രൂപ സേനവ നികുതിയും ചേർത്താണ് 100 രൂപ ഈടാക്കിയത്.

സേവന നികുതി ഇനത്തിലാണ് 35 രൂപ ഈടാക്കിയത്. പക്ഷേ ജിഎസ്ടി നിലവിൽ വരുന്നതിന് തൊട്ടു മുൻപത്തെ ദിവസമാണ് സ്വാമി ടിക്കറ്റ് ക്യാൻസൽ ചെയ്തത്. എന്നിട്ടും തന്റെ കൈയ്യിൽനിന്നും 35 രൂപ ഈടാക്കിയതോടെ സ്വാമി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തു. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുൻപായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും, ക്യാൻസൽ ചെയ്തത് ജിഎസ്ടി നിലവിൽ വന്നശേഷമാണെന്നും, അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഈടാക്കിയ സേവന നികുതി തിരികെ നൽകാനാവില്ലെന്നുമാണ് ഐആർസിടിസി സ്വാമിക്ക് മറുപടി കൊടുത്തത്.

2018 ഏപ്രിലിൽ റെയിൽവേയുടെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടർന്ന് സ്വാമി ലോക് അദാലത്തിനെ സമീപിച്ചിരുന്നു. പക്ഷേ കേസ് അദാലത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കാണിച്ച് പരാതി തളളി. തുടർന്നാണ് സ്വാമി വീണ്ടും റെയിൽവേയെ സമീപിച്ചത്.

2017 ജൂലൈ 1 ന് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ക്യാൻസൽ ചെയ്തവർക്കും ബുക്ക് ചെയ്യുന്ന സമയത്ത് ഈടാക്കിയ സേവന നികുതി മുഴുവൻ നൽകാൻ തീരുമാനമായെന്ന് ഐആർസിടിസി പിന്നീട് സ്വാമിക്ക് മറുപടി കൊടുത്തു. സേവന നികുതിയായി ഈടാക്കിയ 35 രൂപ തിരികെ നൽകുമെന്നും സ്വാമിയുടെ വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയ്ക്ക് മറുപടിയായി റെയിൽവേ അറിയിച്ചു. പക്ഷേ 2 രൂപ കുറച്ച് 33 രൂപയാണ് 2019 മേയ് 1 ന് സ്വാമിയുടെ അക്കൗണ്ടിലെത്തിയത്.

”2017 മുതൽ ഞാൻ പോരാട്ടം നടത്തുകയാണ്. വിവരാവകാശ നിയമപ്രകാരം ഞാൻ കൊടുത്ത അപേക്ഷ 2018 ഡിസംബർ മുതൽ ഏപ്രിൽ വരെയുളള സമയത്ത് 10 തവണയെങ്കിലും ഒരു ഡിപ്പാർട്മെന്റിൽനിന്നും മറ്റൊരു ഡിപ്പാർട്മെന്റിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനം എനിക്ക് 33 രൂപ തിരികെ കിട്ടി. ഐആർസിടിസി 35 രൂപ തിരികെ നൽകുമെന്നാണ് പറഞ്ഞത്. പക്ഷേ 2 രൂപ കുറച്ചാണ് റെയിൽവേ നൽകിയത്. ഞാൻ വീണ്ടും കേസുമായി മുന്നോട്ടുപോകും,” സ്വാമി പിടിഐയോട് പറഞ്ഞു.

അതേസമയം, ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപ് 9 ലക്ഷം യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ജൂലൈ ഒന്നിനും 11 നും ഇടയ്ക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്തവരിൽനിന്നും സേവന നികുതി ഈടാക്കിയിട്ടുണ്ടോയെന്നറിയാൻ വിവരാവകാശ നിയമപ്രകാരം മറ്റൊരു അപേക്ഷയും സ്വാമി നൽകിയിട്ടുണ്ട്. ”ഈ യാത്രക്കാരിൽനിന്നും 3.34 കോടി രൂപയാണ് സേവന നികുതിയായി ഈടാക്കിയത്. പല യാത്രക്കാർക്കും ഇതിനെക്കുറിച്ച് അറിയില്ല. പലരും ഇത് മറന്നിട്ടുണ്ടാകും,” സ്വാമി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook