മുംബൈ : മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെയുള്ള ആക്റ്റിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വീടുകളില്‍ പരക്കെ പൊലീസ് റെയിഡ്. എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവു, ആക്റ്റിവിസ്റ് ഗൗതം നവ്‌ലാഖ, ആക്റ്റിവിസ്റ്റായ സുധാ ഭരദ്വജ്, മകള്‍ അനു ഭരദ്വജ് എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.  ഭീമാ കൊറെഗാവിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ആരോപിച്ചാണ് റെയിഡ് നടന്നത്.

ഒരു ദിവസത്തിന് ശേഷം ഭീമ കൊറേഗാവില്‍ നടന്ന കലാപങ്ങള്‍ക്ക് വഴിവെച്ചത് എല്‍ഗാര്‍ പരിഷത്തില്‍ നടന്ന പ്രസംഗമാണ് എന്നാണ് പൊലീസ് ആരോപിക്കുന്നത്. ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് റെയിഡ് നടന്നത്. ” ദിവസം മുഴുവന്‍ റെയിഡ് തുടര്‍ന്നേക്കും” പൂനെയില്‍ നിന്നുമുള്ള ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട്‌ പറഞ്ഞു.

ഡല്‍ഹിയിലെ ആക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ്, മുംബൈയില്‍ ആക്റ്റിവിസ്റ്റുകളായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിലാണ് ഒരേസമയം പൊലീസ് റെയിഡ് നടക്കുന്നത്.

ഭീമാ കൊറേഗാവ് കേസ്: മലയാളി ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

നേരത്തെ ഭിമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോണാ വിൽസൺ, സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്രാധിപർ, അഭിഭാഷകൻ, പ്രൊഫസർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ‘അർബൻ മാവോയിസ്റ്റ് ഓപ്പറേറ്റീവ്സ്’ എന്നാണ് പൊലീസ് ഇവരെ കുറിച്ച് ആരോപിക്കുന്നത്.

അറസ്റ്റിലായവര്‍ രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്തവരാണ് എന്നാണ് പൂനെ പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. ഇവര്‍ അഞ്ചുപേര്‍ക്ക് നേരെയും യുഎപിഎ ചുമത്തിയുണ്ട്. യേര്‍വാഡാ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അവരിപ്പോള്‍.

കൊറോഗാവ് യുദ്ധത്തിന്റെ ഇരുന്നാറാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വ്യാപക ആക്രമണം അരെങ്ങേറിയിരുന്നു. പേഷ്വാമാരോട് ഏറ്റുമുട്ടി ദലിതര്‍ നേടിയ വിജയത്തിന്റെ നൂറാം വാര്‍ഷികമാണ് ജനുവരി ഒന്നിന് നടന്നത്. ഭിമാ കൊറെഗാവിന്റെ നൂറാം വാര്‍ഷികമാചരിക്കുന്നവരും ഹിന്ദുത്വ അനുകൂല മാറാട്ട സംഘടനകളും ഏറ്റുമുട്ടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook