ഭീമാ കൊറേഗാവ് കേസിൽ മലയാളി ഉൾപ്പടെയുളളവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരിൽ പത്രാധിപർ, അഭിഭാഷകൻ, പ്രൊഫസർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ‘അർബൻ മാവോയിസ്റ്റ് ഓപ്പറേറ്റീവ്സ്’ എന്നാണ് പൊലീസ് ഇവരെ കുറിച്ച് ആരോപിക്കുന്നത്.

കൊറോഗാവ് യുദ്ധത്തിന്റെ ഇരുന്നാറാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളുടെ  പേരിലാണ്  ഇവരെ മുംബൈ, ഡൽഹി, നാഗ്‌പൂർ എന്നിവിടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്. റോണാ വിൽസൺ, സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

റോണാ വിൽസൺ  :  ഡൽഹി ജെ എൻ യു വിൽ ഗവേഷകനായിരുന്ന നടത്തന്ന റോണാ വിൽസൺ മലയാളിയാണ്. കൊല്ലം സ്വദേശിയായ റോണ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായും നിയമങ്ങളിലെ ജനാധിപത്യവിരുദ്ധതയ്ക്കെതിരെയും പ്രവർത്തിക്കുന്ന വ്യക്തിയാണ്. കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് (സി ആർ പി പി)യുടെ പബ്ലിക്ക് റിലേഷൻസ് സെക്രട്ടറിയാണ് റോണ. യു എ പി എ, അഫ്സ്‌പാ തുടങ്ങിയ നിയമങ്ങളുടെ ഭീകരത ഉയർത്തിക്കാട്ടി അതിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബയുമായി അടുപ്പമുളളയാൾ എന്ന നിലയിലാണ് പൊലീസ് റോണയെ കുറിച്ച പറയുന്നത്. സായിബാബയെ ശിക്ഷിച്ചതിനെ തുടർന്ന് വനത്തിലും നഗരത്തിലുമുളള ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായി കോഓർഡിനേഷൻ നടത്തുന്നത് റോണയാണെന്നും പൊലീസ് ആരോപിക്കുന്നു.

 

സുധീർ ധാവ്‌ലെ: മറാത്തി മാസികയായ “വിരോധി”യുടെ എഡിറ്ററും ദലിത് ആക്ടിവിസ്റ്റുമാണ്. ദലിതർക്കായി പൊതു രാഷ്ട്രീയ പ്ലാറ്റ്ഫോം രൂപീകരിച്ച വ്യക്തിയാണ്. റാഡിക്കൽ അംബേദ്കർ മൂവ്മെന്റ് രൂപികരിച്ചു. 2011 ജനുവരിയിൽ മാവയോസിറ്റ് ബന്ധമാരോപിച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, 2014 മെയിൽ സുധീർ ധാവ്‌ലെയെ ഗോണ്ടിയ കോടതി വെറുതെ വിട്ടു.

സുരേന്ദ്ര ഗാഡ്‌ലിങ്: നാഗ്പൂർ ആസ്ഥനമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകനാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലായേഴ്സ് ജനറൽ​ സെക്രട്ടറിയാണ്. ദലിത്, ആദിവാസി ആക്ടിവിസ്റ്റാണ്. സായിബാബ, ധാവ്‌ലെ തുടങ്ങിയവർക്ക് നിയമസഹായം നൽകിയതും ഇദ്ദേഹമാണ്.  കബീർ കലാ മഞ്ചിലെ കലാപ്രവർത്തകരെ, അവരുടെ കൈവശമുളള പ്രസിദ്ധീകരണങ്ങളുടെ പേരിൽ 2013 സെപ്തംബറിൽ പൊലീസ് ചോദ്യം ചെയ്തപ്പോഴും നിയമസഹായം നൽകിയത്  ഇദ്ദേഹമായിരുന്നു.

 

ഷോമാ സെൻ:നാഗ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. ഷോമയുടെ ഭർത്താവ് തുഷാർകാന്തി ഭട്ടാചാര്യയെ 2010ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

മഹേഷ് റൗട്ട്: പ്രധാനമന്ത്രിയുടെ റൂറൽ ഡെവലപ്മെന്റ് ഫെല്ലോയായിരുന്നു.  വനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളും അവരുടെ നഗരത്തിലെ ഗ്രൂപ്പുകളുമായി ബന്ധമുളളയാളാണെന്നാണ് പൊലീസിന്റെ ആരോപണം.

2014 ഏപ്രലിൽ പി എം ആർ ഡി ഫെല്ലോ ആയിരിക്കെ ഗഡ്‌ചിറോളി പൊലീസ് ഇദ്ദേഹത്തെും സഹായിയായ ഹർഷാലി പോട്ടദാർ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തശേഷം ഇരുവരെയും വിട്ടയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook