ചെന്നൈ: രാഷ്ട്രീയ നാടകം നടക്കുന്ന തമിഴ്നാട്ടില്‍ കഴിഞ്ഞ 11 ദിവസമായി അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഒളിജീവിതം നയിച്ചിരുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് പൂട്ടി. രാവിലെ നിയമസഭയില്‍ വിശ്വാസവോട്ടിനായി എം.എല്‍.എമാര്‍ ഇറങ്ങിയതിന് പിന്നാലെയാണ് റിസോര്‍ട്ട് പൂട്ടിയത്.

അറ്റകുറ്റപ്പണിക്കായാണ് റിസോര്‍ട്ട് പൂട്ടിയതെന്നാണ് റിസോര്‍ട്ട് ഉടമകള്‍ നല്‍കുന്ന വിശദീകരണം. അതേസമയം വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ എം.എല്‍.എമാരെ വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് തന്നെ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് റിസോര്‍ട്ട് അടപ്പിച്ചതാണെന്ന ആരോപണവും ഉണ്ട്.

പിന്തുണ ഉറപ്പു വരുത്തുന്നതിനായി ശശികലയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് എഡിഎംകെ എംഎഎല്‍എമാരെ ചെന്നൈ കാഞ്ചിപുരം അതിര്‍ത്തിയിലെ ഗോള്‍ഡന്‍ ബേ എന്ന റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പനീര്‍ശെല്‍വം രംഗത്തിറങ്ങിയതോടെയാണ് ചിന്നമ്മ ഈ അടവെടുത്തത്.

സി ആകൃതിയില്‍ മൂന്ന് ഭാഗത്തും കടലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ പത്ര ദൃശ്യമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിയിരുന്നു. എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.

എംഎല്‍മാര്‍ താമസിച്ചിരുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിന് ഈ ദിവസങ്ങളില്‍ മോശം നിലവാരമാണ് ജനങ്ങള്‍ ഗൂഗിളില്‍ നല്‍കുന്നത്. ഗുണ്ടകളേയും തമിഴ്നാട് വെറുക്കുന്ന ആള്‍ക്കാരേയും ഒളിപ്പിക്കുന്ന റിസോര്‍ട്ടാണ് ഇതെന്ന് ഗൂഗിള്‍ പേജില്‍ വ്യാപകമായി അഭിപ്രായം ഉയര്‍ന്നു. റിസോര്‍ട്ട് അധികൃതര്‍ ഹോട്ടലിനകത്ത് അനധികൃത ഇടപാടാണ് നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ