ശാന്തിനികേതൻ (പശ്ചിമ ബംഗാൾ): പാരമ്പര്യ രീതികൾ പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് ശാന്തിനികേതനിലെ വിശ്വ ഭാരതി സര്‍വകലാശാല. രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച സർവകശാലയുടെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം നടക്കുന്ന ബിരുദദാന ചടങ്ങിന്റെ വേദിയില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമുണ്ടാകും. വെള്ളിയാഴ്‌ച നടക്കുന്ന ചടങ്ങിലേക്കാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ക്ഷണം ലഭിച്ചത്. 1970 കളിൽ അന്നത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ സിദ്ധാർത്ഥ ശങ്കർ റേ ബിരുദദാന ചടങ്ങിന് എത്തിയിരുന്നെങ്കിലും വേദിയിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി ചാന്‍സലറായ രാജ്യത്തെ ഒരേയൊരു സര്‍വകലാശാലയാണ് വിശ്വ ഭാരതി. വെള്ളിയാഴ്‌ച നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പങ്കെടുക്കും. ഏകദേശം പതിനായിരം പിജി വിദ്യാര്‍ഥികളും, ആയിരം പിഎച്ച്ഡി വിദ്യാര്‍ഥികളും ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.

സാധാരണ ബിരുദദാന ചടങ്ങില്‍ ചാന്‍സലറിനും, വൈസ് ചാന്‍സലറിനുമൊപ്പം റെക്റ്റർ മാത്രമേ പുരസ്കാര വേദിയില്‍ ഉണ്ടാകാറുള്ളൂവെന്ന് സർവകലാശാല ആക്ടിങ് വൈസ് ചാൻസിലർ സാബുജ്കലി സെൻ പറഞ്ഞു. ചില കാരണങ്ങളാല്‍ കഴിഞ്ഞ 5 വര്‍ഷമായി ചടങ്ങ് നടന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഏറ്റവും ഒടുവില്‍ ചടങ്ങില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേയാണ്. 1975ലോ, 1976ലോ ആണത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കുമോപ്പം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വേദിയില്‍ സന്നിഹിതയായിരിക്കും. സര്‍വകലാശാല റെക്ടറും ഗവര്‍ണറുമായ കേശാരി നാഥ് ത്രിപാഠിയും വേദിയിലുണ്ടാകും,” ആക്ടിങ് വൈസ് ചാൻസിലർ പറഞ്ഞു.

“വിശ്വ ഭാരതിയിലെ ബിരുദദാന ചടങ്ങിന്റെ വേദിയില്‍ സന്നിഹിതയാവുന്ന ആദ്യ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഞാനായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു,” ശാന്തിനികേതനില്‍ എത്തിയ ശേഷം മമത ബാനര്‍ജി പറഞ്ഞു.

ബിരുദദാന ചടങ്ങിന് ശേഷം, മമത ബാനര്‍ജിയും, രണ്ടു പ്രധാനമന്ത്രിമാരും കൂടി സര്‍വകലാശാല ക്യാംപസില്‍ പുതിയതായി പണി തീര്‍ത്ത ബംഗ്ലാദേശ് ഭവന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി മ്യൂസിയം, സമ്മേളന ഹാള്‍, ലൈബ്രറി, കഫ്റ്റീരിയ എന്നിവ അടങ്ങുന്ന കെട്ടിടമാണിത്. തുടര്‍ന്ന് പ്രധാനമന്ത്രിമാര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ ഭീകരത, മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യൻ മുസ്ലീംങ്ങളുടെ കുടിയേറ്റം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook