ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ നിലയിലായിരുന്നു. ഒട്ടും തന്നെ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു ഡൽഹിയിൽ. എന്നാൽ ഈ നാണംകെട്ട റെക്കോർഡ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പിടിച്ചുവാങ്ങിയിരിക്കുകയാണ് കൊൽക്കത്ത.
ദീപാവലി ദിവസം രാത്രിയോടെ ഡൽഹിയെ പുകമൂടിയ നിലയിലായിരുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി നിർദേശിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടത്തിയതോടെയാണ് ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമായത്. ‘വളരെ മോശം’ കാറ്റഗറിയിലാണ് അപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഉണ്ടായിരുന്നത്.
വാഹനങ്ങളുടെ എണ്ണക്കൂടുതലാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പരിസ്ഥിതി നിരീക്ഷകരുടെ വിലയിരുത്തൽ. ഡൽഹിയിൽ വായു മലിനീകരണം വലിയ പ്രതിസന്ധിയും ചർച്ചാവിഷയവുമാണ്. എന്നാൽ കൊൽക്കത്തയിൽ ഇതല്ല സ്ഥിതി. ഡൽഹിയിലേത് പോലെ അത്രയും ഗൗരവത്തോടെ ഈ പ്രശ്നത്തെ ആളുകൾ കാണുന്നില്ല. ഇതാണ് ഇപ്പോൾ കൊൽക്കത്തയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 380 ന് അടുത്തായിരുന്നു കൊൽക്കത്തയിലെ റീഡിങ്. ഈ ഘട്ടത്തിൽ ഡൽഹിയിൽ 332 ആയിരുന്നു. വൈകിട്ട് ഡൽഹിയിലെ വായു മലിനീകരണ തോത് 230 ലേക്ക് താഴ്ന്നു. പക്ഷെ അപ്പോഴും കൊൽക്കത്തയിൽ 382 ആയിരുന്നു തോത്.
വെളളിയാഴ്ച കൊൽക്കത്തയിൽ 372 ആയിരുന്ന റീഡിങ് വൈകിട്ട് 340 ആയി. ഡൽഹിയിൽ ഈ ഘട്ടത്തിൽ 251 ഉം 269 ഉം ആയിരുന്നു റീഡിങ്. ഇന്നലെയും 300 ന് മുകളിലായിരുന്നു കൊൽക്കത്തയിലെ റീഡിങ്. ഡൽഹിയിൽ 300 ന് താഴെയും. കഴിഞ്ഞ 72 മണിക്കൂറായി കൊൽക്കത്ത ഡൽഹിയെ മറികടന്ന് മുന്നിൽ തന്നെ നിലകൊളളുകയാണ്.