ന്യൂഡല്‍ഹി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവുമായി ബന്ധമുളളവരുടെ സ്ഥാപനങ്ങളില്‍ കൊല്‍ക്കത്ത പൊലീസ് റെയ്ഡ് നടത്തി. കൊല്‍ക്കത്തയിലെ ഒരു സ്ഥാപനത്തിലും, സാള്‍ട്ട് ലേക്കിലെ റാവുവിന്റെ ഭാര്യയുടെ കമ്പനിയായ ആഞ്ജെലിന മെര്‍ക്കന്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിലും ആണ് റെയ്ഡ് നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനിയും കൂടുതല്‍ ഇടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയേക്കുമെന്നാണ് വിവരം. ഇതിനിടെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങില്‍ എത്തി. ശനിയാഴ്ച്ചയാണ് സിബിഐ ഇദ്ദേഹത്തെ ചോദ്യം ചെയ്യുക. അതേസമയം മമത ബാനർജിക്കൊപ്പം കൊൽക്കത്തയിലെ സമരവേദി പങ്കിട്ട അഞ്ച് ഐ.പി.എസുകാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിന് പുറമെ, ഡി.ജി.പി വീരേന്ദ്ര, എ.ഡി.ജിമാരായ വിനീത് കുമാർ, അനൂജ് ശർമ, കമീഷണർ ഗ്യാൻവന്ത് സിങ്, അഡീഷനൽ കമീഷണർ സുപ്രതിം സർക്കാർ എന്നിവർക്കെതിരെ അഖിലേന്ത്യ സേവന ചട്ട പ്രകാരം നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇതിനുപുറമെ, ഉദ്യോഗസ്ഥർക്ക് മികച്ച സേവനം പരിഗണിച്ച് പല ഘട്ടങ്ങളിലായി നൽകിയ അംഗീകാരങ്ങളും മെഡലുകളും തിരിച്ചെടുക്കാനുമുള്ള ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. ഇവർക്ക് കേന്ദ്ര സർവിസിൽ ചുമതലകൾ നൽകുന്നത് തടയാനും നീക്കമുണ്ട്. ഫെബ്രുവരി നാലിനാണ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ധർണയിൽ പങ്കെടുത്തത്. കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യാനുള്ള സി.ബി.ഐ നീക്കത്തിനെതിരായായിരുന്നു നടപടി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook