കൊൽക്കത്ത: മെട്രോയിൽ യാത്ര ചെയ്ത ദമ്പതികൾക്ക് യാത്രക്കാരുടെ ക്രൂര മർദനം. കൊൽക്കത്ത മെട്രോയിൽ സഞ്ചരിച്ച ദമ്പതികളെയാണ് യാത്രക്കാരായ ഒരു കൂട്ടം പേർ ചേർന്ന് അതിക്രൂരമായി മർദിച്ചത്. ദമ്പതികൾ പരസ്‌പരം ആലിംഗനം ചെയ്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയതെന്നാണ് വിവരം.

മെട്രോയിൽ ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിൽ ഇരുവരും ആലിംഗനം ചെയ്തു. ഇതു കണ്ട മധ്യവയസ്കനായ ഒരാൾ ദമ്പതികളോട് കയർത്തു. ഇയാൾക്ക് ഭർത്താവ് നല്ല ചുട്ട മറുപടി നൽകി. ഇതോടെ മറ്റു യാത്രക്കാരും ദമ്പതികളോട് കയർത്തു സംസാരിക്കാൻ തുടങ്ങിയതായി ദൃക്‌സാക്ഷി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ട്രെയിൻ ഡം ഡം സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ യുവാവിനെ വലിച്ച് പുറത്തേക്കിറക്കി മർദിക്കാൻ തുടങ്ങി. മറ്റു കംപാർട്മെന്റിലുണ്ടായിരുന്ന ചിലരും മർദിച്ചു. ഭർത്താവിനെ മർദിക്കുന്നതു കണ്ട യുവതി രക്ഷിക്കാനായി കവചം തീർത്തു. തുടർന്ന് ആൾക്കൂട്ടം യുവതിയെയും മർദിച്ചു. ഒടുവിൽ സ്റ്റേഷനിലുണ്ടായിരുന്നവർ ഇടപെട്ടാണ് ദമ്പതികളെ രക്ഷിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞു.

ദമ്പതികളെ യാത്രക്കാർ മർദിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. എഴുത്തുകാരി തസ്‌ലിമ നസ്‌റീൻ അടക്കം നിരവധി പേർ സംഭവത്തെ വിമർശിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ഒഫീഷ്യലായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാൻ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ