കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വൻ വിജയം. 144 അംഗ കൗണ്‍സിലിലെ 134 സീറ്റും തൃണമൂല്‍ സ്വന്തമാക്കി. അതേസമയം, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപിക്ക് മൂന്നു വാര്‍ഡില്‍ മാത്രമാണു വിജയം. ഇടതുമുന്നണിയും കോണ്‍ഗ്രസും രണ്ടു വാര്‍ഡുകളില്‍ വീതവും സ്വതന്ത്രർ മൂന്നു സീറ്റിലും വിജയിച്ചു.
2015ൽ തൃണമൂലിന് 124 സീറ്റിലായിരുന്നു വിജയം. ഇടതുപക്ഷം-13, ബിജെപി- അഞ്ച്, കോൺഗ്രസ്-രണ്ട് എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.
2015നെ അപേക്ഷിച്ച് തൃണമൂലിന്റെ വോട്ട് വിഹിതത്തിൽ 22 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. മാത്രമല്ല, വാർഡ് അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം വോട്ട് വർധനയുമുണ്ടായി.
ഇത്തവണ, പോൾ ചെയ്ത വോട്ടിന്റെ ഏതാണ്ട് നാലിൽ മൂന്നു ഭാഗം (71.95) തൃണമൂൽ സ്വന്തമാക്കി. വോട്ട് വിഹിതത്തില്‍ ഇടതുമുന്നണി (11.13 ശതമാനം) ആണ് ബിജെപി (8.94 ശതമാനം)യേക്കാള്‍ മുന്നില്‍. കോൺഗ്രസിനു 4.47 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ബിജെപി വോട്ട് വിഹിതം 2015 നെ അപേക്ഷിച്ച് ആറ് ശതമാനവും നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 20 ശതമാനവും കുറഞ്ഞു. ഇടതുപക്ഷ വോട്ട് വിഹിതം 2015ലെ തെരഞ്ഞെടുപ്പിനേക്കാൾ 13 ശതമാനം കുറഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഏഴു ശതമാനം കൂടുതലാണ്.
ടിഎംസി പ്രവർത്തകരെ അഭിനന്ദിച്ച്
ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും വിജയമാണെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പറഞ്ഞു. ഉത്സവം പോലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ആളുകൾ അവരുടെ സമ്മതിദാനാവകാശം സമാധാനപരമായി വിനിയോഗിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തെ പ്രഹസനമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. അക്രമങ്ങളും ബൂത്ത് തിരിമറികളും കണക്കിലെടുക്കുമ്പോൾ ടിഎംസി എല്ലാ സീറ്റുകളിലും വിജയിക്കണമായിരുന്നുവെന്ന് ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പരിഹസിച്ചു.
തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ കൃത്രിമം കാണിച്ചുവെന്ന് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും പരാതി ഉയര്‍ത്തിയിരുന്നു. തൃണമൂലുകാര്‍ തങ്ങളുടെ പോളിങ് ഏജന്റുമാരെ ബൂത്തുകളില്‍നിന്ന് പുറത്താക്കിയെന്നും സ്ഥാനാര്‍ത്ഥികളെ തല്ലിച്ചതച്ചുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
Also Read: വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരായ ഹർജി തള്ളി; ഒരു ലക്ഷം രൂപ പിഴ
മൂന്നിടങ്ങളില്‍ നാടന്‍ ബോംബ് എറിഞ്ഞതിനെത്തുടര്ന്നു മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു. വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ഇന്നലെ കൊല്‍ക്കത്തയില്‍ വെവ്വേറെ പ്രകടനം നടത്തിയിരുന്നു. ഈ ആവശ്യവുമായി ബിജെപിയും സിപിഎമ്മും കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് 23ന് പരിഗണിക്കും.