കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ക്വെസ്റ്റ് മാളില്‍ മുണ്ട് ധരിച്ചെത്തിയയാളെ വിലക്കിയതായി ആരോപണം. മാള്‍ അധികൃതര്‍ തടഞ്ഞയാളുടെ സുഹൃത്താണ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സംഭവത്തെ കുറിച്ച് ഇംഗ്ലീഷില്‍ തര്‍ക്കിച്ചപ്പോഴാണ് ഇയാളെ മാളിനകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് ഡെബലീന സെന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഡെബലീന.

കൊല്‍ക്കത്തയിലെ ചില റസ്റ്റോറന്റുകളില്‍ പ്രത്യേക വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെയാണ് പുതിയ സഭവം. കുര്‍ത്തയും മുണ്ടും ഉടുത്ത സുഹൃത്തിനെ മാളിന്റെ പ്രവേശന കവാടത്തില്‍ ജീവനക്കാരന്‍ തടയുകയായിരുന്നു.

പിന്നീട് ഇംഗ്ലീഷിൽ തർക്കിച്ചതോടെയാണ് അകത്തേക്ക് കടക്കാൻ അനുവദിച്ചത്. അകത്തു കടന്നയുടനെ മറ്റു ചിലർ വന്ന് തങ്ങളെ സമീപിച്ച് വീണ്ടും സംസാരിച്ചു. മുണ്ടോ ലുങ്കിയോ ഉടുത്ത് വരുന്നവരെ കടത്തിവിടേണ്ട എന്നാണ് മാനേജ്മെന്റിന്റെ തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

ഇതിന് പിന്നാലെ മാനേജരായ സ്ത്രീ തങ്ങളെ വിളിച്ച് വിശദീകരണം തരാന്‍ ശ്രമിച്ചതായും, പൊതുസ്ഥലത്ത് നീതിക്കു നിരക്കാത്തത് എന്തെങ്കിലും നടന്നാൽ അത് ക്യാമറയിൽ പകർത്താനുള്ള അവകാശം ഏതൊരു പൗരനും ഉണ്ടെന്നിരിക്കെ അവരുമായി സംസാരിക്കുന്നത് ചിത്രീകരിക്കുന്നതിൽ നിന്നും തന്നെ വിലക്കിയതായും ഡെബലീന പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതോടെ മാളിലെത്തിയവരെ മുണ്ടുടുത്തതിന്റെ പേരിൽ തടഞ്ഞതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ലുങ്കിയോ മുണ്ടോ ഉടുത്തു വരുന്നവർക്ക് മാളില്‍ പ്രവേശനം നല്‍കാത്ത നടപടി പ്രാകൃതമാണെന്ന് നവമാധ്യമങ്ങലില്‍ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ മാസം മേഘാലയ സ്വദേശിനിയായ വൃദ്ധയെ ഡെല്‍ഹി ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. പരമ്പരാഗതമായ ഖാസി വസ്ത്രം ധരിച്ചതിന് ഇവരെ പുറത്താക്കിയ നടപടി വിവാദമാവുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ