കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലം തകര്‍ന്ന് വീണു. ഒരാള്‍ മരിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചെന്ന് പിടിഎയെ പറയുന്നുണ്ട്. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതേസമയം ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വാഹനങ്ങള്‍ പാലത്തിന് മുകളിലുണ്ടായിരുന്നപ്പോഴാണ് വലിയ ശബ്ദത്തോടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നത്.

നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തര ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി കൊല്‍ക്കത്തയിലേക്കു തിരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വാഹനങ്ങളിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാലത്തിന്റെ അടിയില്‍ മെട്രോ തൊഴിലാളികളുടെ ഓഫീസ് ഉണ്ടായിരുന്നുവെന്നും അവിടെ അഞ്ചോ എട്ടോ പേര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മമത പറഞ്ഞു.

40 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നു വീണത്. തിരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടർന്ന് മേഖലയിലെ ട്രെയിന്‍ ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനം തകർന്നു. ബസുകള്‍ ഓടുന്നില്ല, ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook