കൊൽക്കത്ത: കർഷകരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഇടത് പ്രവർത്തകർ ബംഗാളിൽ നടത്തിയ പ്രതിഷേധം വൻ പൊലീസ് ഏറ്റുമുട്ടലിൽ കലാശിച്ചു. “നബന്ന അഭിജാൻ” എന്ന് പേരിൽ കർഷക സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായാണ് ബംഗാളിൽ കർഷകർ വൻ സമരം നടത്തിയത്. ബംഗാൾ നിയമസഭാ മന്ദിരത്തിലേക്ക് നടന്ന മാർച്ചിൽ നാല് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മാന്യമായ വില നൽകുക, സാമൂഹിക സമത്വം നടപ്പിൽ വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധമെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ട് വച്ചിരുന്നു.

ചാനൽ റിപ്പോർട്ടുകൾ പ്രകാരം ബംഗാൾ പൊലീസ് ഇവർക്കെതിരെ ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിച്ചു. ലാത്തി ചാർജ്ജിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇടതുപക്ഷം വൻ പ്രതിഷേധത്തിന് സന്നാഹമൊരുക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് രണ്ടായിരത്തിലധികം വരുന്ന പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതായാണ് വിവരം. നഗരത്തെ നിശ്ചലമാക്കിയുള്ള സമരമായിരുന്നു ഇടത് പ്രവർത്തകർ നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കർഷകരുടെ പ്രശ്നങ്ങൾക്ക് പുറമേ തൊഴിലില്ലായ്മയും മറ്റ് പല പ്രശ്നങ്ങളും മമത ബാനർജി സർക്കാരിനെതിരെ ഇടതുപക്ഷം ഉന്നയിച്ചിരുന്നു.

ബംഗാളിലെ കൊയ്ത്തുത്സവമാണ് നബന്ന. നബന്നയിലേക്കുള്ള മാർച്ച് എന്നായിരുന്നു ഇതിന് സമരക്കാർ നൽകിയ പേര്. സിപിഎമ്മിന്റെ കിസാൻ സഭയാണ് ഇതിന് പ്രധാന നേതൃത്വം നൽകിയത്. ഇതിന് മറ്റ് ഇടത് സംഘടനകളുടെ കർഷക സംഘടനകളും പിന്തുണയുമായെത്തി.സിപിഎമ്മും മറ്റ് ഇടത് രാഷ്ട്രീയ പാർട്ടികളും കൂടി പങ്കാളികളായതോടെ വൻ സമരത്തിനുള്ള സന്നാഹമായി ഇത് മാറുകയായിരുന്നു.

2015 ആഗസ്ത് 27 നും സമാനമായ പ്രതിഷേധം ഇടത് സംഘടനകൾ നടത്തിയിരുന്നു. അന്ന് വളരെ കുറച്ച് പൊലീസ് സേനയെ മാത്രമാണ് വിന്യസിച്ചത്. ഇതേ തുടർന്നാണ് സമാനമായ അക്രമം പടർന്ന് പിടിക്കാതിരിക്കാനും സമരക്കാർ നഗരം കീഴടക്കാതിരിക്കാനും ശക്തമായ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook