കൊല്‍ക്കത്ത: കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് വിട്ടയച്ചു. അതേസമയം, സംഭവത്തില്‍ നിയമപരമായി തന്നെ നീങ്ങാനാണ് സിബിഐ തീരുമാനം. സിബിഐ സുപ്രീം കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി ധര്‍ണ ആരംഭിച്ചു. മെട്രോ ചാനല്‍ മേഖലയിലാണ് മമതയുടെ ധര്‍ണ. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ധര്‍ണ. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറും ഒപ്പമുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയതായിരുന്നു സിബിഐ ഉദ്യോഗസ്ഥര്‍.

മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനും കൊല്‍ക്കത്ത പോലിസ് കമ്മീഷണറുമായ രാജീവ് കുമാറിന്റെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് പിടികൂടുകയായിരുന്നു. രാജീവ് കുമാറിന്റെ ലൂദന്‍ സ്ട്രീറ്റിലെ വസതിയിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ കൊല്‍ക്കത്ത പൊലീസ് സിബിഐ ഉദ്യോഗസ്ഥരെ കമ്മീഷണറുടെ വീട്ടിന് പുറത്ത് തടഞ്ഞു.

പൊലീസും സിബിഐയും തമ്മില്‍ കൈയാങ്കളി ആയതിന് പിന്നാലെ ചില സിബിഐ ഉദ്യോഗസ്ഥരെ ഷേക്സ്പിയര്‍ സരണി പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി. ഇതിന് പിന്നാലെ മമത ബാനര്‍ജി കമ്മീഷണറുടെ വീട്ടിലെത്തി.

പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ശാരദ, റോസ് വാല്ലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നേതൃത്വം നല്‍കിയ രാജീവ് കുമാറിനോട് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. ചിട്ട് ഫണ്ട് തട്ടിപ്പ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണത്തിന്റെ മേധാവിയായ രാജീവ് കുമാര്‍ അന്വേഷണം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ കഴിഞ്ഞ മൂന്നാലു ദിവസമായി ഒളിവിലാണ് ഉദ്യോഗസ്ഥന്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്‍ക്കത്ത പൊലീസ് ഇത് നിഷേധിച്ച് രംഗത്തെത്തി. റോസ് വാല്ലി ചിട്ടി തട്ടിപ്പില്‍ പങ്കുള്ള ബംഗാളി സിനിമാ നിര്‍മാതാവ് ശ്രീകാന്ത് മൊഹ്തയെ നേരത്തേ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ നിര്‍മാണത്തിന്റെ പേരില്‍ 24 കോടി അപഹരിച്ചെന്നാണ് മൊഹ്തയ്‌ക്കെതിരായ ആരോപണം. സിബിഐ ഉദ്യോഗസ്ഥര്‍ നേരത്തേ ശ്രീകാന്ത് മൊഹ്തയുടെ ദക്ഷിണ കൊല്‍ക്കത്ത മാളിലെ ഓഫിസിലെത്തി തട്ടിപ്പിലെ മൊഹ്തയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.

നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും മൊഹ്ത അന്വേഷണകമ്മീഷനു മുമ്പില്‍ ഹാജരായിരുന്നില്ല. ത്രിപൂര ആസ്ഥാനമായി 1997ല്‍ വ്യവസായിയായ കാജല്‍ കുണ്ടു ചെറിയ തോതില്‍ ആരംഭിച്ച റോസ് വാല്ലി കമ്പനി വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തു ഇടപാടുകാരില്‍നിന്നു 17000കോടിയോളം രൂപ സമാഹരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. രണ്ട് തട്ടിപ്പിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook