പാലക്കാട്: കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ, മകൾ നീതു എന്നിവരുടെ കഴുത്തിൽ കണ്ടെത്തിയ മുറിവുകളിൽ അസ്വാഭാവികത ഇല്ലെന്ന് ഡോക്ടർമാർ. അപകടത്തിന്റെ ആഘാതത്തിൽ ഇത്തരത്തിൽ മുറിവേൽക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
തൃശൂരിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. സയന്റെ ഭാര്യയും മകളും അപകടത്തിന് മുമ്പേ കൊല്ലപ്പെട്ടിരുന്നെന്ന സംശയം കേരളാ പൊലീസാണ് ഉയർത്തിയത്. ഇവരുടെ കഴുത്തിൽ കണ്ട സമാനമായ മുറിവുകളാണ് പ്രാഥമിക പരിശോധനയിൽ സംശയത്തിനിടയാക്കിയത്.
കേസിലെ ഒന്നാം പ്രതിയും ജയലളിതയുടെ മുൻ ഡ്രൈവറുമായ കനകരാജ്, സയൻ എന്നിവർ അപകടത്തിൽപെട്ടതിൽ ദുരൂഹതയില്ലെന്ന് തമിഴ്നാട് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം എന്നാണ് നിലഗിരി എസ് പി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
വാഹനാപകടത്തിൽ മരിച്ച സഹിന്റെ ഭാര്യയുടെയും കുട്ടിയുടെയും പോസ്റ്റ്മോട്ടം റിപ്പോർട്ട് കിട്ടയതിന് ശേഷം മാത്രമെ വ്യക്തമായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളു എന്ന് പാലക്കാട് എസ്പി പറഞ്ഞിരുന്നു. സയിന്റെ ഭാര്യയുടെയും മകളുടെയും കഴുത്തിൽ കണ്ട മുറിവുകൾ ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്ന് പോസ്റ്റ്മോട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ പറയാൻ സാധിക്കുകയുളളു എന്നും പാലക്കാട് എസ്പി പറഞ്ഞിരുന്നു.
അതേ സമയം മാരകമായി പരിക്കേറ്റ സയിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കനകരാജാണ് കേസിലെ മുഖ്യപ്രതി. ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു കനകരാജ്. 11 അംഗ സംഘമാണ് മോഷണം നടത്താൻ ശ്രമിച്ചത് എന്നും ഇതിൽ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി നീലഗിരി പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോടനാട്ടെ അവധികാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്റ്റേറ്റ് കാവൽക്കാരനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമാണന്ന് കരുതിയ ചില വസ്തുക്കളും മോഷ്ടിച്ചിരുന്നു.
1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് ഇവിടെ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് ഇവിടെയെത്തി വിശ്രമിക്കാറുണ്ടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.