/indian-express-malayalam/media/media_files/uploads/2017/04/kodanad-estate.jpg)
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട പ്രതികൾ വാഹനാപകടത്തിൽപ്പെട്ടതിൽ ദുരൂഹത ഏറുന്നു. വാഹനാപകടത്തിൽ കേസിലെ ഒന്നാം പ്രതി കനകരാജ് മരിച്ചിരുന്നു. രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരിക്കുകയും രണ്ടാം പ്രതി സായനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടാം പ്രതിയുടെ ഭാര്യയുടെയും മകളുടെയും കഴുത്തിൽ മുറിവുകൾ കണ്ടെത്തി. ഇതാണ് കൊലപാതകമാണെന്ന് പൊലീസ് സംശയത്തിന്റെ കാരണം.
ഇന്നലെ രാത്രി സേലത്തുണ്ടായ അപകടത്തിലാണ് കേസിലെ ഒന്നാം പ്രതി കനകരാജ് മരിച്ചത്. കനകരാജിന്റെ ബൈക്ക് കാറുമയി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ 5.50 ഓടെയാണ് കേസിലെ രണ്ടാം പ്രതിയായ സായനും കുടുംബവും വാഹനാപകടത്തിൽപ്പെട്ടത്. സായനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാത പാലക്കാട് കണ്ണാടിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സായന്റെ ഭാര്യ വിനുപ്രിയ (30) മകൾ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. ഒരു കേസിലെ രണ്ടു പ്രതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനരീതിയിൽ വാഹനാപകടത്തിൽപ്പെട്ടതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
അതിനിടെ, കോടനാട് എസ്റ്റേറ്റിലെ മോഷണ കേസിൽ എട്ടുപേർ അറസ്റ്റിലായി. മലപ്പുറം, തൃശൂർ, വയനാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്നും വാച്ചും വില കൂടിയ സാധനങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോടനാട്ടെ അവധികാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്റ്റേറ്റ് കാവൽക്കാരനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം നിരവധി രേഖകൾ കവർന്നതായും സൂചനയുണ്ട്. ജയലളിതയുടെയും ശശികലയുടെയും സ്വത്ത് സംബന്ധിച്ച രേഖകളാണ് കവർന്നതെന്നാണ് വിവരം.
1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് ഇവിടെ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് ഇവിടെയെത്തി വിശ്രമിക്കാറുണ്ടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.