കൊഡഗ്: കേരളത്തില്‍ പ്രളയം സര്‍വ്വനാശം വിതച്ച് കടന്നു പോകുന്ന അതേസമയം തൊട്ടടുത്ത നാടായ കൊഡഗിലും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. കൊഡഗുള്‍പ്പടെയുളള കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ കലി തുള്ളിപ്പെയ്തത്. മഴയില്‍ 1550 കിലോ മീറ്ററോളം സ്‌റ്റേറ്റ് ഹൈവേകളും 110 കിലോമീറ്റര്‍ ദേശീയ പാതയും തകര്‍ന്നതായി മന്ത്രി എച്ച്.ഡി.രേവണ്ണ പറഞ്ഞു. സംസ്ഥാനത്താകമാനം 487 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

”സ്റ്റേറ്റ് ഹൈവേയില്‍ മാത്രം 430 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൊഡഗ്, മംഗളൂരു, ഹസന്‍, ചിക്ക്‌മംഗളൂര്‍, മൈസൂരു, ചാമാരജാനഗര്‍, കോളാര്‍, ചിക്കബല്ലാപുര, ബെംഗളൂരു എന്നിവിടിങ്ങളിലെ റോഡുകളാണ് തകര്‍ന്നത്. ഉത്തര കര്‍ണാടകയില്‍ ഹവേരി, ദാര്‍വാദ്, ചിത്രദുര്‍ഗ, എന്നിവിടങ്ങളിലായി 60.83 കോടിയുടെ നാശനഷ്ടമാണുണ്ടായത്” പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എച്ച്.ഡി.രേവണ്ണ പറഞ്ഞു.

ഹൈദരാബാദ്-കര്‍ണാടക ഏരിയയില്‍ ഗുല്‍ബാര, ബിദാര്‍,റായ്ച്ചൂര്‍, കോപ്പല്‍ എന്നിവിടങ്ങളിലുമാണ് നാശനഷ്ടങ്ങളുണ്ടായത്. എന്നാല്‍ ദക്ഷിണ മേഖലയെ അപേക്ഷിച്ച് കുറവാണ്. അഞ്ച് കോടിയുടെ നഷ്ടമാണ് ഇവിടങ്ങളില്‍ കണക്കാക്കുന്നത്. സംസ്ഥാനത്ത് ആകെ 538 പാലങ്ങള്‍ തകര്‍ന്നു. ഇത് 79 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കൊഡഗിലെ 32 കിലോമീറ്ററോളം റോഡ് പൂര്‍ണ്ണമായും തകര്‍ന്നെന്നും നവീകരണത്തിനായി അഞ്ചോ ആറോ മാസം വരെ വേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. കൊഡഗ്-സാംപാജെ റോഡിലുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഷിരാദി ഘാട്ടില്‍ ആറ് മാസത്തേക്ക് വാഹന ഗതാഗതം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒരേസമയം സംഭവിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മിക്ക റോഡുകളും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ് വരുന്നതെന്നും അവ നന്നാക്കാന്‍ നാളുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 12 പേരാണ് പ്രളയത്തില്‍ മരിച്ചത്. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ. 34 ക്യാംപുകളിലായി 4000ത്തോളം പേരുകളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, അവശ്യ വസ്തുക്കളുടേയും വൈദ്യുതിയുടേയും ലഭ്യത കുറവ് വെല്ലുവിളിയായി മാറുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook