കൊച്ചി: ഇൻഫോപാർക്കിൽ വനിതാ പോലീസിന്റെ എയ്‌ഡ് പോസ്റ്റ് വേണമെന്ന് സി.ഇ.ഒ ഹൃഷികേശ് നായരുടെ ആവശ്യം. പൂനെയിൽ കോഴിക്കോട് സ്വദേശിനി രസീല രാജു കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് കൊച്ചി ഇൻഫോപാർക്കിലെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ ചെന്നപ്പോഴാണ് കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എം.എച്ച് യതീഷ് ചന്ദ്രയോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഇൻഫോപാർക്കിലെ വിവിധ കന്പനികൾ ആഭ്യന്തര സുരക്ഷ മുൻനിർത്തി പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ പൊലീസ് അംഗബലം ഇല്ലാത്തത് ഡി.സി.പി യെ ബുദ്ധിമുട്ടിലാക്കി. “എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ആറ് വനിതാ പൊലീസുകാർ വേണം. ആർക്കെങ്കിലും അവധി എടുക്കേണ്ട സാഹചര്യത്തിൽ രണ്ടുപേർ കൂടി അധികമായി വേണം. ഇത്രയും പേരെ ഇപ്പോൾ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ഫലപ്രദമായ മറ്റ് വഴികളാണ് ആലോചിക്കുന്നത്”.

ഇൻഫോപാർക്കിന് സമീപത്ത് പെൺകുട്ടികൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികയെ ഒരു മാസം മുൻപ് പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ വച്ച് പിടികൂടിയിരുന്നു. പെൺകുട്ടികൾ കേസിൽ നിന്ന് പിന്മാറിയതിനാൽ ഇയാളെ നാട്ടിലേക്ക് തിരികെ അയച്ചതായി ഇൻഫോപാർക്ക് സ്റ്റേഷനിൽ നിന്ന് അറിയിച്ചു.

“യുവാക്കൾ ബൈക്കിലെത്തിയും മറ്റും പെൺകുട്ടികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സമീപത്തെ വനിതാ ഹോസ്റ്റലുകളിലെല്ലാം ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും പെൺകുട്ടികൾ പരാതിപ്പെടാറില്ല. പരമാവധി ഒഴിഞ്ഞുമാറി നടക്കുന്നത് കൊണ്ട് പ്രശ്നങ്ങളില്ലെന്നാണ് ആളുകളുടെ ധാരണ” ഇൻഫോപാർക്ക് ജീവനക്കാരിയായ ഗായത്രി പറഞ്ഞു.

ഇപ്പോഴത്തെ നിലയിൽ ഇൻഫോപാർക്ക് പരിസരത്ത് പിങ്ക് പൊലീസിന്റെ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ബൈക്കിൽ വനിതാ പൊലീസുകാരുടെ പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്ന കാര്യം ഒരാഴ്ചയ്‌ക്കുള്ളിൽ വീണ്ടും യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ഡി.സി.പി അറിയിച്ചു.

കന്പനികൾ ജീവനക്കാർക്ക് നൽകിയ നൊട്ടീസിൽ അധികസമയം ജോലി ചെയ്യുന്നത് മേലധികാരികളുടെ അറിവോടും അനുമതിയോടും കൂടിയാകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “6.30 കഴിഞ്ഞ് ഇരിക്കുന്നവരാണ് കൃത്യമായി വിവരം അറിയിക്കേണ്ടത്. അവധി ദിവസങ്ങളിലെ ജോലി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ചെയ്യാനും, ഈ സന്ദർഭങ്ങളിൽ ഓഫീസിൽ കൂട്ടിന് ആളുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. മുഴുവൻ സ്ത്രീ ജീവനക്കാരും പോയിക്കഴിഞ്ഞ ശേഷമേ സെക്യൂരിറ്റി ജീവനക്കാർ പോകാവൂ എന്നതാണ് മറ്റൊന്ന്. ടീമിലെ പുരുഷ സുഹൃത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ അവധി ദിവങ്ങളിൽ ജോലി ചെയ്യാൻ പാടുള്ളൂ”വെന്നും കന്പനി അറിയിച്ചതായി അഞ്ജു ഹണി പറഞ്ഞു.

കന്പനികൾ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഓഫീസിന് അകത്തുള്ളവയാണെന്നും, ഇതിൽ പൊലീസിന് പങ്കില്ലെന്നും ഡി.സി.പി അറിയിച്ചു. ഇൻഫോപാർക്കിന് പരിസരത്തുള്ള സുരക്ഷയാണ് തങ്ങളുടെ ചുമതലയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ