150 പേരുമായി കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം അവസാന നിമിഷം യന്ത്ര തകരാറുകള്‍ കാരണം റദ്ദു ചെയ്തു. AI 054 വിമാനം മുംബൈയിലെ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ 5:30ന് ടാക്സി ചെയ്യവേയാണ് പൈലറ്റിന് എന്തോ പന്തികേട്‌ തോന്നി ടേക്ക് ഓഫ്‌ ചെയ്യാതിരുന്നത്.

യന്ത്ര തകരാറുകള്‍ കാരണമാണ് ഇത് സംഭവിച്ചത് എന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ പറഞ്ഞു. യാത്രക്കാര്‍ പിന്നീട് മറ്റൊരു വിമാനത്തില്‍ ഉച്ചക്ക് 12 മണിയോട് കൂടി കൊച്ചിക്ക്‌ യാത്ര തിരിച്ചു.

ആദ്യത്തെ വിമാനത്തില്‍ എയര്‍ ഇന്ത്യാ എഞ്ചിനീയര്‍മാര്‍ രണ്ടു മണിക്കൂറോളം പരിശോധന നടത്തി. ആ നേരം മുഴുവന്‍ എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ പകച്ചിരുന്ന യാത്രക്കാരെ പിന്നീടു പുറത്തിറക്കി, സെക്യൂരിറ്റി ചെക്ക്‌ മുതലായവ ഒന്ന് കൂടി നടത്തിയതിനു ശേഷമാണ് മറ്റൊരു വിമാനത്തിലേക്ക് കയറ്റി കൊച്ചിക്ക്‌ അയച്ചത്.

പൈലറ്റിന്‍റെ സമയോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് ഒരു വന്‍ ദുരന്തമായിരുന്നു എന്ന് കരുതപ്പെടുന്നു.

സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ