ഗോരഖ്പൂര്‍: തന്റെ സഹോദരനെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഡോ.കഫീല്‍ ഖാന്‍. തന്റെ കുടുംബത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്കെതിരേയും അക്രമമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സഹോദരനെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക് മുമ്പില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഭാവിയില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരന്റെ സര്‍ജറി കഴിഞ്ഞതായും അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും കഫീല്‍ ഖാന്‍ അറിയിച്ചു. ബിആര്‍ഡി മെഡിക്കല്‍ കോളേജിലാണ് കഫീലിന്റെ സഹോദരന്‍ കസിഫ് ജമീലിനെ ചികിത്സിക്കുന്നത്.

ഡോ.കഫീല്‍ ഖാന്റെ സഹോദരന്‍ കസിഫ് ജമീലിന് നേര്‍ക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു അജ്ഞാതര്‍ വെടി വയ്‌ക്കുകയായിരുന്നു ഗോരഖ്‌നാഥ് ക്ഷേത്രത്തിനടുത്ത് വച്ച് ഞായറാഴ്‌ച രാത്രി പത്തു മണിയോടെയാണ് വെടിയേറ്റത്.

34 വയസ്സുകാരനായ ജമീലിന്റെ കൈയ്യിലും കഴുത്തിലും താടിയിലും മൂന്ന് വെടിയേറ്റിട്ടുണ്ട്. തന്റെ സഹോദരന് വെടിയേറ്റു എന്നും തങ്ങളെ കൊല്ലാന്‍ അവര്‍ ശ്രമിക്കും എന്ന് അറിയാമായിരുന്നു എന്നും ഡോ.കഫീല്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരനെ സിടി സ്‌കാന്‍ എടുക്കാന്‍ കൊണ്ട് പോകുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ജമീലിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് പൊലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിഷയത്തില്‍ പരാതികള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നും കോട്ട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഘന്‍ശ്യാം തിവാരി പിടിഐയോട് വ്യക്തമാക്കിയിട്ടുണ്ട്.

ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട് ജയില്‍ വാസം നയിച്ച ഡോ.കഫീല്‍ ഖാന്‍ കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്. കേരളത്തിനെ പിടിച്ചു കുലുക്കിയ നിപ്പ പകര്‍ച്ച വ്യാധിയുടെ പാരമ്യത്തില്‍ ഒരു ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ സേവനങ്ങള്‍ കേരളത്തിന് നല്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഡോ.കഫീല്‍ ഖാന്‍ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ