scorecardresearch
Latest News

Top News Highlights: വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്കായുള്ള കെ എം ഷാജിയുടെ ഹർജി തള്ളി

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു

KM Shaji, കെ.എം ഷാജി, UDF, യുഡിഎഫ്, vigilance, വിജിലൻസ്, iemalayalam, ഐഇ മലയാളം

Top News Highlights: വസതിയില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് നടപടി.

47.35 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത്. ഇത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ച പണമാണെന്നായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ മുന്‍ എംഎല്‍എ ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു.

Live Updates
20:10 (IST) 4 Nov 2022
കാറില്‍ ചാരിയ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍

തലശേരിയില്‍ കാറില്‍ ചാരിയ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാശ്രമമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

18:58 (IST) 4 Nov 2022
അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’

ഡല്‍ഹി രാജ്യതലസ്ഥാന മേഖലകളില്‍ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് ആം ആംആദ്മി സര്‍ക്കാര്‍. വകുപ്പുകളുടെയും വിപണികളുടെയും പുതുക്കിയ സമയക്രമീകരണങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

17:29 (IST) 4 Nov 2022
ശിവസേനാ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറില്‍ വെടിയേറ്റ ശിവസേനാ നേതാവ് കൊല്ലപ്പെട്ടു. സൂധീര്‍ സൂരിക്ക് വെടിയേറ്റത് ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെയാണ്. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി പഞ്ചാബ് പൊലീസ് അറിയിച്ചു

17:17 (IST) 4 Nov 2022
ഷാരോണ്‍ വധം: ഗ്രീഷ്മ ഏഴു ദിവസം കസ്റ്റഡിയില്‍, പൊലീസിന്റെ കൈവശം ഒരു തെളിവുമില്ലെന്ന് പ്രതിഭാഗം

പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ കോടതി ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണു നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കേസില്‍ ഗ്രീഷ്മയാണു മുഖ്യപ്രതിയെന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും ആ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതു കോടതി അംഗീകരിക്കുകയായിരുന്നു.

15:11 (IST) 4 Nov 2022
ഗുജറാത്ത്: ഇസുദാന്‍ ഗാധ്‌വി എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാധ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളാണു പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. എ എ പി ദേശീയ ജനറല്‍ സെക്രട്ടറിയാണ് മുന്‍ ടിവി ജേണലിസ്റ്റായ ഇസുദാന്‍ ഗാധ്‌വി.

ഇസുദാന്‍ ഗാധ്‌വി, എ എ പി ഗുജറാത്ത് ഘടകം പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ, ജനറല്‍ സെക്രട്ടറി മനോജ് സൊറാതിഹ്യ എന്നിവരാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടൈത്താനുള്ള മത്സരത്തിലുണ്ടായിരുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

14:19 (IST) 4 Nov 2022
ഞായറാഴ്ച വരെ അതിശക്തമായ മഴ; 11 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

13:25 (IST) 4 Nov 2022
പിഎഫ് പെന്‍ഷന്‍ കേസ്: ജീവനക്കാര്‍ക്ക് ആശ്വാസം; 15,000 രൂപ ശമ്പളപരിധി സുപ്രീം കോടതി റദ്ദാക്കി

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗീകമായി ശരിവച്ച് സുപ്രീം കോടതി. പെന്‍ഷന്‍ ലഭിക്കുന്നതിനായി 15,000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കോടതി റദ്ദാക്കി.

1.6 ശതമാനം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും കോടതി റദ്ദാക്കി. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നതിനായി ആറ് മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ടെന്ന് ലൈവ് ലൊ റിപ്പോര്‍ട്ട് ചെയ്തു.

12:43 (IST) 4 Nov 2022
കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂരമര്‍ദനം; യുവാവ് അറസ്റ്റില്‍

കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം തലശേരിയില്‍ വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക് മര്‍ദനമേറ്റത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് അറസ്റ്റിലായിരിക്കുന്നത്. നടുവിന് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

12:12 (IST) 4 Nov 2022
വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്കായുള്ള കെ എം ഷാജിയുടെ ഹർജി തള്ളി

വസതിയില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് നടപടി. 47.35 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത്. ഇത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ച പണമാണെന്നായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ മുന്‍ എംഎല്‍എ ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു.

Web Title: Km shajis petition for vigilance seized money rejected by court

Best of Express