scorecardresearch

കെ കെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

പാർട്ടിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആലോചിക്കാതെയാണ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുത്തത്

പാർട്ടിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആലോചിക്കാതെയാണ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുത്തത്

author-image
WebDesk
New Update
പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി; കെ കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം അണികൾക്കിടയിലെന്നപോലെ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി. പുതുമുഖങ്ങൾക്കു പ്രാമുഖ്യമുള്ള മന്ത്രിസഭ രൂപീകരിക്കുമ്പോഴും ശൈലജ ഒഴിവാക്കപ്പെടാൻ പാടില്ലായിരുന്നു എന്നതാണ് പൊതു അഭിപ്രായം.

Advertisment

ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്ര നേതൃത്വം അതൃപ്തരാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച വിവരം. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആലോചിക്കാതെയാണ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാന തീരുമാനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ മെമ്പർ വൃന്ദാ കാരാട്ടും അതൃപ്തി അറിയിച്ചതായാണ് അറിയുന്നത്.

അതേസമയം, ബംഗാളിൽ തിരിച്ചടി നേരിട്ട പാർട്ടിയെ കേരളത്തിൽ പിണറായി വിജയൻ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുമ്പോൾ കേന്ദ്രനേതൃത്വം ശക്തമായ ഇടപെടലുകൾ നടത്താൻ സാധ്യതയില്ല. എന്നാൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ഇത് ചർച്ചയാകും.

മന്ത്രിസഭ സംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നുമായിരുന്നു സീതാറാം യെച്ചൂരി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. ശൈലജയെ ഒഴിവാക്കിയത് കേരളത്തിലും കേന്ദ്രത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ സിപിഎം മന്ത്രിമാരെ തീരുമാനിക്കേണ്ടത് അവരുടെ അവകാശമാണെന്നായിരുന്നു ഡി രാജയുടെ പ്രതികരണം.

Advertisment

കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന വിജയിച്ച അഞ്ചു പേരിൽ ഒരാളായ ശൈലജ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനാൽ പുതിയ മന്ത്രിസഭയിൽ അവർ തുടരുമെന്നായിരുന്നു പൊതു വിലയിരുത്തൽ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. അറുപത്തിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മട്ടന്നൂരിൽനിന്നുള്ള വിജയം. ശൈലജയക്കു പുറമെ മുൻ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എംഎം മണി, കടകംപള്ളി സുരേന്ദ്രൻ, എ.സി മൊയ്‌തീൻ എന്നിവരും പുതിയ 21 അംഗ മന്ത്രിസഭയിൽ ഇടംപിടിച്ചില്ല.

അതേസമയം, ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസിനും എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചതും ചിലരിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.

ചീഫ് വിപ്പ് പദവിയാണ് കെകെ ശൈലജയ്ക്ക് സിപിഎം നൽകിയ പുതിയ ചുമതല. പാർട്ടിയുടെ തീരുമാനത്തിൽ പൂർണ സംതൃപ്തിയാണെന്നും ഏല്പിച്ച ഉത്തരവാദിത്തം നിർവഹിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നുമായിരുന്നുപുതിയ മന്ത്രിസഭാ അംഗങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശൈലജ പറഞ്ഞത്. പുതിയ മന്ത്രിസഭയ്ക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെന്നും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വൈകാരിക പ്രകടനങ്ങളുടെ ആവശ്യമില്ലെ ന്നും അവർ പ്രതികരിച്ചു.

Read Also: ഒന്നാമൂഴക്കാരാല്‍ സമ്പന്നം പിണറായിയുടെ രണ്ടാമൂഴം

മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ് ഉൾപ്പടെ മൂന്ന് സ്ത്രീകളാണ് പുതിയ മന്ത്രിസഭയിലുള്ളത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. അതു മൂലം അഞ്ച് മന്ത്രിമാർക്കും 33 സിറ്റിങ് എംഎൽഎമാർക്കും മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടി വന്നു.

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. മുന്നണി വികസിച്ച സാഹചര്യത്തിൽ സിപിഎം ഒരു മന്ത്രിസ്ഥാനം ഘടകകക്ഷികൾക്കായി വിട്ടു നൽകിയപ്പോൾ സിപിഐ ചീഫ് വിപ്പ് സ്ഥാനം വിട്ട് നൽകി.

ചിഞ്ചുറാണിക്ക് പുറമെ തൃശൂരിലെ ഒല്ലൂരിൽ നിന്നുള്ള കെ.രാജൻ, ആലപ്പുഴ ചേർത്തലയിൽ നിന്നു ജയിച്ച പി.പ്രസാദ്, തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ നിന്നു ജയിച്ച ജി.ആർ.അനിൽ എന്നിവരാണ് സിപിഐ മന്തിമാർ. പത്തനംതിട്ട അടൂരിൽ നിന്നും ജയിച്ച ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കറാവുക. മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും.

Cpim Ldf Kk Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: