ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്വ്വന് യേശുദാസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രതിഭാധനനായ കെ.ജെ.യേശുദാസ് ജിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. യേശുദാസിന്റെ മധുരസംഗീതവും ഭാവതരളമായ അവതരണവും എല്ലാ പ്രായപരിധികളിലുള്ളവര്‍ക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ സംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് യേശുദാസ്. അദ്ദേഹത്തിന് ആരോഗ്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നും നരേന്ദ്ര മോദി കുറിച്ചു.
On the special occasion of his 80th birthday, greetings to the versatile K. J. Yesudas Ji. His melodious music and soulful renditions have made him popular across all age groups. He has made valuable contributions to Indian culture. Wishing him a long and healthy life.
— Narendra Modi (@narendramodi) January 10, 2020
മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് എൺപതിന്റെ നിറവിലാണ്. കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകന്, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന് തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
Read Also: അതിരുവിട്ട് ആരാധകൻ, സാറയുടെ കയ്യിൽ ബലമായി പിടിച്ച് ഉമ്മവച്ചു; വീഡിയോ
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.