ഹൈദരാബാദ്: തെലങ്കാനയിൽ സംയോജിത ഫൈബർ-ടു-അപ്പാരൽ മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനായി കിറ്റക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും ധാരണാപത്രം ഒപ്പുവച്ചു. വാറങ്കലിലെ ഒരു അപ്പാരൽ പാർക്കിൽ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കിറ്റെക്സ് ഗ്രൂപ്പ് ഇപ്പോൾ തെലങ്കാനയിൽ 2400 കോടി രൂപയാണ് പുതിയ പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുക.
കേരളത്തിൽ നിന്ന് തന്റെ 3,500 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തനിക്ക് ക്ഷണം ലഭിച്ചതായി കിറ്റക്സ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു. താൻ തെലങ്കാന തിരഞ്ഞെടുക്കണമെന്ന് ബോധ്യപ്പെടുത്തിയതിന് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു
“മന്ത്രിയോട് എന്താണ് അന്വേഷിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നിക്ഷേപമോ അല്ലെങ്കിൽ തൊഴിലോ എന്ന്. നിമിഷങ്ങൾക്കകം അദ്ദേഹം മറുപടി പറഞ്ഞു, ‘എനിക്ക് തൊഴിൽ വേണം’ എന്ന്. സംസ്ഥാനത്തോടും തെലങ്കാനയിലെ ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്,” സാബു എം ജേക്കബ് പറഞ്ഞു.
“തുടക്കത്തിൽ ഞാൻ 1,000 കോടി രൂപ നിക്ഷേപിക്കാനും 4,000 തൊഴിലാളികൾക്ക് ജോലി നൽകാനും പ്രതിജ്ഞാബദ്ധനായിരുന്നു. ഇന്ന്, അദ്ദേഹം പ്രതീക്ഷകളേക്കാൾ കൂടുതൽ ഞാൻ നിറവേറ്റുകയും നിക്ഷേപത്തിന്റെ അളവ് 1,000 കോടിയിൽ നിന്ന് 2,400 കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ 22,000 പേർക്ക് തൊഴിൽ നൽകാനാവും,” അദ്ദേഹം പറഞ്ഞു.
Read More: കോവിഡാനന്തര വിദ്യാഭ്യാസം: കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നു മുഖ്യമന്ത്രി
പദ്ധതിക്കായി കിറ്റക്സ് ഗ്രൂപ്പിന് ഉടനടി ഭൂമി അനുവദിക്കുമെന്ന് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തു. കൂടാതെ പദ്ധതി പ്രദേശത്ത് ഒരു പൊതു മലിനജല ശുദ്ധീകരണ പ്ലാന്റ്, ഇഎസ്ഐസി ക്ലിനിക്കുകൾ, രണ്ട് നിർമ്മാണ യൂണിറ്റുകളുടെ 10 കിലോമീറ്റർ പരിധിയിൽ ഇഎസ്ഐ ആശുപത്രികൾ എന്നിവ സ്ഥാപിക്കുമെന്നും സർക്കാർ വ്യക്തമാക്കി.