ലക്‌നൗ: മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ പിടിച്ചുലച്ച കർഷക പ്രക്ഷോഭം ഉത്തർപ്രദേശിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചലോ ലക്‌നൗ മാർച്ചെന്ന പേരിൽ കർഷകർ ഇന്ന് വമ്പൻ റാലി നടത്തും. കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയുടെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലക്‌നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിവേദനം കൈമാറും. കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് വന്‍ റാലി നടത്തുന്നത്. മഹാരാഷ്ട്രയിൽ ആരംഭിച്ച കർഷക സമരം രാജ്യം മുഴുവൻ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്രസർക്കാർ.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്‍റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ചലോ ലക്‌നൗ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook