ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്ന് റിപബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായി ജയിലലടയ്ക്കപ്പെട്ട കർഷകർക്ക് 2000 രൂപ വീതം നൽകാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. തിങ്കളാഴ്ച തന്നെ മുഴുവൻ തുകയും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് കിസാൻ മോർച്ച നേതാവ് പ്രേം സിങ് ഭാങ്കു പറഞ്ഞു. 112 കർഷകരാണ് നിലവിൽ സംഭവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്നത്.
അതേസമയം അനിഷ്ട സംഭവങ്ങളിലും കർഷകർക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകളിലും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്.
“ജനുവരി 26 ലെ അക്രമത്തിനും കർഷകർക്കെതിരായ വ്യാജ കേസുകൾക്കും പിന്നിലെ ഗൂഡാലോചന കണ്ടെത്താൻ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ വിരമിച്ച ജഡ്ജി അന്വേഷിക്കണം,” കിസാൻ മോർച്ച നിയമ സെല്ലിലെ കുൽദീപ് സിങ് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ ഭാഗമായ 16 കർഷകരെ ഇനിയും കണ്ടെത്താൻ സാധിച്ചട്ടില്ലെന്നും കർഷക നേതാക്കൾ പറയുന്നു.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 70ഉം 80ഉം വയസുള്ളവർ ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത 122 പേരുടെ പട്ടികയിൽ 80 കാരനായ ഗുർമുഖ് സിങ്ങുമുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ഗുർമുഖിനെ ജനുവരി 29 നാണ് മുഖർജി നഗർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.