ന്യൂഡൽഹി: ജനലക്ഷങ്ങളെ അണിനിരത്തി ഡൽഹിയിൽ കർഷക-തൊഴിലാളി മാർച്ച്. രാംലീല മൈതാനിയിൽ നിന്നാരംഭിച്ച് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയത് സിപിഎമ്മിന്റെ പോഷക സംഘടനകളായ ഓൾ ഇന്ത്യ കിസാൻ സഭയും സിഐടിയുവുമാണ്. മൂന്നര ലക്ഷം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയത്.

‘ഒന്നുകിൽ നയംമാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കർഷകരും തൊഴിലാളികളും മാർച്ച് നടത്തുന്നത്. കനത്ത മഴയെ അവഗണിച്ചാണ് സമരക്കാർ മാർച്ച് നടത്തിയത്. കിസാൻസഭയും സിഐടിയുവും കർഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത‌്. ബാങ്കിങ്, ഇൻഷുറൻസ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സ്കൂൾ അധ്യാപകർ, തപാൽ, ടെലികോം ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിയിലുണ്ട്.
Dr Ashok Dhawale, President @KisanSabha, speaks about the importance of this Historic Kisan Mazdoor Rally. #KisanMazdoorFightBack pic.twitter.com/hDdiiKtAtg
— CPI (M) (@cpimspeak) September 5, 2018
വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക, മാന്യമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, തൊഴിൽ നിയമഭേദഗതികൾ ഉപേക്ഷിക്കുക, കർഷകർക്ക‌് സ്വാമിനാഥൻ കമ്മിഷൻ ശുപാർശകളനുസരിച്ചുള്ള ന്യായവില ഉറപ്പാക്കുക, ധാന്യസംഭരണം കൃത്യസമയത്ത‌് നടത്തുക, രാജ്യത്തെ ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക, കർഷകത്തൊഴിലാളികൾക്കായി സമഗ്ര കേന്ദ്ര നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.
ഇതിന് പുറമെ തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം ഉറപ്പുവരുത്തുക, സർവത്രികമായ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക, സ‌്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പാക്കുക, ഭൂപരിഷ‌്കരണം നടപ്പിലാക്കുക, ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക, പ്രകൃതിദുരന്തങ്ങളിൽ ഇരകളായവർക്ക‌് ആശ്വാസവും പുനരധിവാസവും നൽകുക, നവഉദാര സാമ്പത്തിക നയങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.