ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തിയ മാർച്ച് അവസാനിച്ചു. കർഷകരെ ഡൽഹിയിലേക്ക് കടക്കാൻ അനുവദിച്ചതോടെയാണ് കിസാൻ ഘട്ടിൽവച്ച് കിസാൻ ക്രാന്തി പദയാത്രയ്ക്ക് സമാപനമായത്.

തങ്ങളുടെ ഭൂരിപക്ഷം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായും അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നുമുളള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടികായത് പറഞ്ഞു.

ഹരിദ്വാറിലെ ടികായത് ഘട്ടിൽനിന്നും സെപ്റ്റംബർ 23 നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടികായത് നയിക്കുന്ന ‘കിസാന്‍ ക്രാന്തി യാത്ര’ ആരംഭിച്ചത്. ഡൽഹിയിലെത്തി മാർച്ച് അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. ട്രാക്ടറുകളിലും ബസുകളിലും കാൽനടയുമായി ഏഴായിരത്തോളം കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. ഇന്നലെ മാർച്ച് ഡൽഹിയിലേക്ക് കടക്കുന്നതിനു മുൻപായി പൊലീസ് ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ ഗാസിയാബാദിൽവച്ച് തടഞ്ഞു. ഇത് സംഘർഷത്തിനിടയാക്കി.

പൊലീസ് ബാരിക്കേഡ് മറികടന്ന് കർഷകർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞത്. കർഷകർ പിരിഞ്ഞു പോകാത്തതോടെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് ലാത്തിച്ചാർജുണ്ടായി. ഇതിൽ നിരവധി കർഷകർക്ക് പരുക്കേറ്റു. പൊലീസ് തടഞ്ഞെങ്കിലും കർഷകർ മാർച്ച് അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇതോടെയാണ് അർധരാത്രിയിൽ ബാരിക്കേഡ് നീക്കി കർഷകരെ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചത്.

കാർഷിക കടങ്ങൾ എഴുതി തളളുക, എം.എസ്.സ്വാമിനാഥൻ ശുപാർശകൾ നടപ്പിലാക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ മാർച്ച് സംഘടിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook