/indian-express-malayalam/media/media_files/uploads/2023/01/D-Y-Chandrachud-Kiren-Rijiju.jpg)
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കിരണ്‍ റിജ്ജു
ന്യൂഡൽഹി: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയത്തിൽ സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു കത്ത് നല്‍കി. ജഡ്ജിമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനമെടുക്കൽ പ്രക്രിയയിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.
സുപ്രീം കോടതി കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തണം. ജഡ്ജി നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കൊളീജിയത്തിൽ സർക്കാർ പ്രതിനിധി അനിവാര്യമാണെന്നാണ് നിയമ മന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, കത്തിനെക്കുറിച്ച് കൊളീജിയം ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നാണ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. കൊളീജിയം ശുപാർശകൾ അവഗണിച്ച് ജഡ്ജിമാരുടെ നിയമനം വൈകിപ്പിച്ചതിന് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ ബംഗളൂരു നൽകിയ ഹർജിയിൽ സുപ്രീം കോടതിയിലെ അവസാന വാദം കേൾക്കലിനു ശേഷമാണ് കത്തയച്ചത്.
കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് മുൻപ് നിയമമന്ത്രി കിരൺ റിജിജുവും ഉപരാഷ്ട്രപതി ജഗദീപ് ധൻകറും സുപ്രീംകോടതിയിൽനിന്ന് വിരമിച്ച മുൻ ജഡ്ജി രുമ പാൽ ഉൾപ്പെടെയുളളവരും പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ്, എം.ആർ.ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.