ന്യൂഡൽഹി: കേന്ദ്ര നിയമ മന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഖ്‌വാളിനാണ് നിയമവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. നിലവിൽ പാർലമെന്ററി കാര്യ-സാംസ്‌കാരിക സഹമന്ത്രിയാണ് മേഖ്‌വാൾ. റിജിജുവിന് എർത്ത് സയൻസ് വകുപ്പാണ് നൽകിയത്.
അരുണാചൽപ്രദേശിൽനിന്നും മൂന്നു തവണ ലോക്സഭാ എംപിയായ റിജിജു 2021 ജൂലൈയിലാണ് നിയമ മന്ത്രിയായി ചുമതലയേറ്റത്. അതിനു മുന്‍പ്, ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്നു. പിന്നീട്, സ്പോര്‍ട്സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതല നൽകി. അതേസമയം, റിജിജുവിനെ പെട്ടെന്ന് നിയമ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നിലെ കാരണം വ്യക്തമല്ല.
സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും കൊളിജീയം രീതിക്കെതിരെയും റിജിജു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാർക്കെതിരായ റിജിജുവിന്റെ പരാമർശം വിവാദമായിരുന്നു. വിരമിച്ച ജഡ്ജിമാരിൽ ചിലർ ഇന്ത്യാവിരുദ്ധസംഘത്തിന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.