ന്യൂഡെല്‍ഹി: എ.ബി.വി.പിക്കെതിരെ ഓൺലൈൻ കാമ്പയിൻ നടത്തിയ കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറിനെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയതെന്ന ആദ്യ ട്വീറ്റിന് പിന്നാലെയാണ് ശക്തമായ വിമര്‍ശനവുമായി അദ്ധേഹംരംഗത്തെത്തിയത്.
ആവിഷ്കാര സ്വാതന്ത്ര്യം ക്യാംപസുകളില്‍ ദേശദ്രോഹ മുദ്രാവാക്യം മുഴക്കാനുള്ള ലൈസന്‍സ് അല്ലെന്ന് അദ്ദേഹം കുറിച്ചു.
സര്‍ക്കാരിനെ വിമര്‍ശിച്ചോളു, പക്ഷെ ജന്മഭൂമിയെ ചീത്ത പറയരുതെന്നും അദ്ദേഹം കുറിച്ചു. ശക്തമായ സൈനിക ശക്തിയാണ് യുദ്ധത്തെ തടയുന്നത്. ഇന്ത്യ ആരേയും അങ്ങോട്ട് അക്രമിച്ചിട്ടില്ല. എന്നാൽ ദുര്‍ബലമായിരുന്ന കാലത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഗുര്‍മെഹറിനെ പിന്തുണച്ച് ബര്‍ക്കാ ദത്ത് രംഗത്തെത്തി. വേട്ടയാടപ്പെടാതെ സ്വതന്ത്രമായൊരു അഭിപ്രായം അവള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനെ കുറിച്ചാണ് ചര്‍ച്ചയെന്ന് ബര്‍ക്ക ദത്ത് മറുപടി പറഞ്ഞു.
എബിവിപിയെ ഭയപ്പെടുന്നില്ല എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌ത യുവതിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി ഉയർന്നിരുന്നു. എന്റെ അച്ഛൻ രാജ്യത്തിനു വേണ്ടി വെടിയേറ്റ് മരിച്ചെങ്കിൽ ഞാനും രാജ്യത്തിനു വേണ്ടി വെടിയേൽക്കാൻ തയാറാണെന്നും ഗുർമെഹർ പറഞ്ഞു.
ഡൽഹിയിലെ ലേഡി ശ്രീറാം കോളജ് ഫോർ വുമനിൽ എബിവിപി പ്രവർത്തകരുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ഗുർമെഹർ സമൂഹമാധ്യമത്തിലൂടെ ‘എബിവിപിയെ ഭയക്കുന്നില്ല’ എന്ന ക്യാംപെയ്ൻ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ചിലർ യുവതിയുടെ ഫെയ്‌സ്ബുക്കിലൂടെ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.
താൻ ഡൽഹി സർവ്വകലാശാലയിലെ ഒരു വിദ്യാർഥിനിയാണെന്നും എബിവിപിയെ ഭയപ്പെടുന്നില്ലെന്നും എഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന ഗുർമെഹറിന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ ഇട്ടിരുന്നു. താൻ ഒറ്റയ്‌ക്കല്ലെന്നും ഇന്ത്യ മുഴുവൻ തന്നോടൊപ്പമുണ്ടെന്നും യുവതി പ്ലക്കാർഡിൽ എഴുതിയിരുന്നു. ഈ ചിത്രത്തിനു താഴെയാണ് എങ്ങനെയാണ് യുവതിയെ മാനഭംഗപ്പെടുത്തുക എന്നുവരെ വിശദീകരിച്ച് കമന്റുകൾ വന്നത്.
ദേശ വിരുദ്ധ എന്നു വിളിച്ചാണ് ഭീഷണികൾ വരുന്നതെന്നും ദേശീയതയുടെ പേരിൽ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുമെന്ന് പറയുന്നത് ശരിയല്ലെന്ന് ഗുർമെഹർ എൻഡിടിവിയോട് പറഞ്ഞു. ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി പ്രവർത്തകരാണ് ഇതിനു പിന്നിലെന്നാണ് സൂചന.
ഇതിനു മുൻപ് ഗുർമെഹർ പോസ്റ്റ് ചെയ്‌ത ഒരു വിഡിയോയിൽ ഇതുപോലെ പ്ലക്കാർഡ് പിടിച്ച് ‘പാകിസ്ഥാനല്ല എന്റെ അച്ഛനെ കൊന്നത്, യുദ്ധമാണ്’ എന്നെഴുതിയിരുന്നു. ഇതിന് ക്രിക്കറ്റ് താരം വിരേന്ദർ സേവാഗും നടൻ രൺദീപ് ഹൂഡയും ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇവരെ വിമര്‍ശിച്ചും ട്വിറ്റര്‍ ഉപയോക്താക്കള്‍ അണിനിരന്നു.