ന്യൂഡല്‍ഹി: ജഡ്ജിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ പൊതുജനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വിചാരണകള്‍ നേരിടുകയോ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഉയര്‍ന്ന നീതിന്യായ കോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയ യുഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ എല്ലായ്പ്പോഴും പൊതുജനങ്ങളുടെ നിരീക്ഷണത്തിലാണെന്ന് സര്‍ക്കാരും ജുഡീഷ്യറിയും എന്ന സംവാദത്തില്‍ സംസാരിച്ചുകൊണ്ട് കിരണ്‍കുമാര്‍ റിജിജു പറഞ്ഞു. പക്ഷേ, ജഡ്ജിമാരായിക്കഴിഞ്ഞാല്, അവര്‍ക്ക് തിരഞ്ഞെടുപ്പിനെയോ പൊതുജനങ്ങളുടെ വിചാരണയോ നേരിടേണ്ടിവരില്ല,” അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കാത്തതിനാല്‍ സര്‍ക്കാരുകളുടെ കാര്യത്തില്‍ അവര്‍ക്ക് കഴിയുന്നതുപോലെ ജഡ്ജിമാരെ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”എന്നിരുന്നാലും, പൊതുജനങ്ങള്‍ ജഡ്ജിമാരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ നിങ്ങളുടെ വിധിയിലും, നിങ്ങളുടെ പ്രവര്‍ത്തനരീതിയിലും, നിങ്ങള്‍ നീതി നല്കുന്ന രീതിയും ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. അവര്‍ വിലയിരുത്തുകയും അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ യുഗത്തില്‍ ഒന്നും മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരെ ആക്രമിക്കുകയോ സോഷ്യല്‍ മീഡിയയില്‍ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”സോഷ്യല്‍ മീഡിയയില്‍ അവഹേളനങ്ങള്‍ നേരിടുമ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ ജഡ്ജിമാര്‍ക്ക് അവരുടെതായ പരിമിതികള്‍ ഉള്ളതിനാല്‍, ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചട്ടുണ്ട്” അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ സര്‍ക്കാര്‍ നിയോഗിച്ച വ്യക്തിയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഈ മാസം ആദ്യം കിരണ്‍ റിജിജു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തെഴുതിയിരുന്നു. എന്നാല്‍ ജുഡീഷ്യറിയെ ഭയപ്പെടുത്താനും പിന്നീട് നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമമാണിതെന്നാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചത്. ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ ഇപ്പോഴും നടപടിക്രമങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി, നടപടിക്രമങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം കത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.