ന്യൂഡല്‍ഹി: കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ഭിന്നത സംബന്ധിച്ച നിയമ മന്ത്രി കിരണ്‍ റിജിജുവിന്റെ സമീപകാല പരാമര്‍ശങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ. മന്ത്രി ‘ലക്ഷ്മണരേഖ’ ലംഘിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”എന്റെ അഭിപ്രായത്തില്‍ നിയമമന്ത്രി പറഞ്ഞതിലൂടെ അദ്ദേഹം ലക്ഷ്മണരേഖ ലംഘിച്ചു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം കാണുമ്പോള്‍ സുപ്രീം കോടതി അനങ്ങാതിരിക്കണമെന്നും ആ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തിനു ബന്ദിയായിരിക്കണമെന്നും അദ്ദേഹം കരുതുന്നുവെങ്കില്‍, അത് തെറ്റാണ്, ക്ഷമിക്കണം,” സാല്‍വെയെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
ടൈംസ് നൗ ച്ചകോടി 2022-ല്‍ ‘ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നത് എന്ത്?’ എന്ന വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിനൊപ്പം സംസാരിക്കുകയായിരുന്നു സാല്‍വെ. സുപ്രീം കോടതി കൊളീജിയത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, താന്‍ സിസ്റ്റത്തിന്റെ വിമര്‍ശകനായി തുടരുകയാണെന്നായിരുന്നു സാല്‍വെയുടെ മറുപടി.
കൊളീജിയം അനുമതി നല്കിയ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കുകയാണെന്നു സുപ്രീം കോടതി വിമര്‍ശമുന്നയിച്ചിരുന്നു. ഇതിനെതിരെയായിരുന്നു നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ വിമര്‍ശം. ‘സര്‍ക്കാര്‍ ഫയലുകള്‍ വൈകിപ്പിക്കുകയാണെന്ന് ഒരിക്കലും പറയരുത്. അങ്ങനെയാണെങ്കില്‍ ഫയലുകള്‍ സര്‍ക്കാരിലേക്ക് അയക്കരുത്, നിങ്ങള്‍ സ്വയം നിയമിക്കുക, നിങ്ങള്‍ ഷോ നടത്തുക…” എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കൊളീജിയം സംവിധാനം ഭരണഘടനയ്ക്ക് അന്യമാണെന്നു പറഞ്ഞ മന്ത്രി, ‘ഏത് വ്യവസ്ഥ പ്രകാരമാണ് കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് നിങ്ങള്‍ പറയൂ’ എന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
റിജിജുവിന്റെ വിമര്‍ശനത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് കെ കൗള്‍ തിങ്കളാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ‘ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു’ കേന്ദ്ര നിയമമന്ത്രിയെ പേരെടുത്ത് പറയാതെ ജസ്റ്റിസ് കൗള്‍ പറഞ്ഞത്.
”അവര്‍ അധികാരം തരട്ടെ. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല … എല്ലാ പത്രവാര്‍ത്തകളും ഞാന്‍ അവഗണിച്ചു, പക്ഷേ അദ്ദേഹം പറയുന്നത്, ഉയര്‍ന്ന ആരെങ്കിലും അതു സ്വയം ചെയ്യട്ടെ എന്ന് പറയുമ്പോള്‍, ഞങ്ങള്‍ അത് സ്വയം ചെയ്യും, ഒരു ബുദ്ധിമുട്ടും ഇല്ല… അത് വേണ്ടത്ര ഉയര്‍ന്ന ഒരാളില്‍ നിന്നാണ് വന്നത്. പാടില്ല. സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് എനിക്ക് പറയാന്‍ കഴിയുന്നത്,”ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു.
ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമമാക്കാത്തതില് ഈ മാസമാദ്യം സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം സമീപനം ശിപാര്‍ശ ചെയ്യപ്പെട്ട വ്യക്തികളെ അവരുടെ സമ്മതം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്ന ‘ഒരുതരം ഉപാധി’ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
”പേരുകള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ നിയമനം നല്‍കണം. പേരുകള്‍ തടഞ്ഞുവയ്ക്കുന്നത് സ്വീകാര്യമല്ല. സംഭവിച്ചതുപോലെ, അവരുടെ പേരുകള്‍ പിന്‍വലിക്കാന്‍ ഈ വ്യക്തികളെ നിര്‍ബന്ധിക്കുന്ന ഒരു ഉപകരണമായി ഇതു മാറുകയാണ്,’ ജസ്റ്റിസുമാരായ എസ് കെ കൗളും എ എസ് ഓകയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.