പുതുച്ചേരി: ശുചിമുറി സൗകര്യം ഒരുക്കാത്തവര്‍ക്ക് സൗജന്യ റേഷന്‍ അരി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവ് പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മരവിപ്പിച്ചു. ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് നടപടി. മേയ് 31ന് അകം എല്ലാ വീടുകളിലും ശുചിമുറി സൗകര്യം ഒരുക്കുകയും ഗ്രാമങ്ങളില്‍ ശുചീകരണ പ്രവൃത്തി നടത്തുകയും ചെയ്തില്ലെങ്കില്‍ സൗജന്യ അരി വിതരണം നിര്‍ത്തുമെന്നായിരുന്നു കിരണ്‍ ബേദിയുടെ പ്രഖ്യാപനം. എംഎല്‍എ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പിന്നീട് ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കൂ എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ശുചിത്വ ഗ്രാമമാണെന്നും തുറസായ സ്​ഥലത്ത്​ മലമൂത്ര വിസർജനം നടക്കുന്നില്ലെന്നുമുള്ള സർട്ടിഫിക്കറ്റ്​ കൊണ്ടു വരുന്നവർക്ക്​ മാത്രമേ അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭിക്കൂവെന്നായിരുന്നു ലഫ്​റ്റനന്റ്​ ഗവർണർ കിരൺ ബേദിയുടെ ഉത്തരവ്​. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പ്​ മൂലം ഉത്തരവ്​ പിൻവലിക്കുകയായിരുന്നു.

ഏകാധിപതിയു​ടെ ഉത്തരവാണി​തെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. പാവപ്പെട്ട ജനങ്ങളെ അപമാനിക്കാനാണ് ഗവര്‍ണറിന്റെ ശ്രമമെന്ന് വിമര്‍ശനമുയര്‍ത്തി അണ്ണാ ഡിഎംകെ രംഗത്തെത്തി. നഗരങ്ങള്‍ ശുചിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കു കോടികളാണ് നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലും ഇതേ പദ്ധതി കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഭരണതലത്തിലുള്ളവരാണ് കുറ്റക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിമര്‍ശനം കടുത്തതോടെ ബേദി നിലപാട് മയപ്പെടുത്തി. ജൂണ്‍ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസർജനത്തില്‍നിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിർദേശത്തിലൂടെ ഉദ്ദേശിച്ചതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍, എന്റെ ഉത്തരവ് തെറ്റായാണ് വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും പരിസരം ശുചിയാക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയാണ്. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം അതുവരെ മരവിപ്പിക്കുന്നു-ബേദി ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook