സോള്‍: കൈയ്യില്‍ തോക്കേന്തി നില്‍ക്കുന്ന കിം ജോങ് ഉന്‍. വെടികൊണ്ട് തറയില്‍ വീണു കിടക്കുന്ന ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ അരികിലായി വീണ് കിടക്കുന്ന പെട്ടിയില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ പുറത്തേക്ക് വീണിരിക്കുന്നു. ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ്ങിന് പിറകില്‍ ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന വാചകവും. സോളില്‍ നടക്കുന്ന കലാപ്രദര്‍ശനത്തില്‍ ഉത്തരകൊറിയക്കാരനായ കലാകാരന്‍ ഉണ്ടാക്കിയ ഒരു നിശ്ചല രംഗമാണിത്.

രണ്ട് ലോക രാജ്യങ്ങളും നേതാക്കളും തമ്മിലുളള നയതന്ത്ര പ്രശ്നങ്ങളെ ഇത്തരത്തില്‍ അവതരിപ്പിച്ചത് ലിം യൂങ് സന്‍ ആണ്. 2018ല്‍ ഇരു നേതാക്കളും പരസ്പരം പോര്‍ വിളിക്കുകയും യുദ്ധത്തിന് തന്നെ കളമൊരുക്കാന്‍ തയ്യാറായതിന്റേയും പശ്ചാത്തലത്തിലാണ് ഈ കലാസൃഷ്ടി. ഇരു നേതാക്കളും പരസ്പരം പോര്‍വിളിച്ചതിന് ശേഷമായിരുന്നു സിംഗപ്പൂരില്‍ വച്ച് ഉച്ചകോടിയില്‍ മുഖാമുഖം കണ്ടത്.

നമ്മള്‍ ജീവിച്ച് കൊണ്ടിരിക്കുന്ന കാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് തനിക്ക് വരച്ച് കാട്ടേണ്ടിയിരുന്നതെന്ന് ലിം പറഞ്ഞു. ഒരു സിനിമ കാണുന്നത് പോലെയാണ് ജനങ്ങള്‍ ഇരു നേതാക്കളുടേയും ഓരോ ചലചനങ്ങളും വീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു സിനിമയിലെ രംഗമെന്നത് പോലെയാണ് ലിം ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.

രണ്ട് സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കത്തിനൊടുവില്‍ കിം ട്രംപിനെ വെടിവച്ച് കൊലപ്പെടുത്തുന്ന രീതിയിലാണ് ഈ കലാസൃഷ്ടി. ഒരാഴ്ച നീണ്ടു നിന്ന പ്രദര്‍ശനം ബുധനാഴ്ച അവസാനിച്ചു. പലരും കലാകാരനെ പ്രശംസിച്ചപ്പോള്‍ മറ്റു ചിലര്‍ എതിര്‍ത്തു. ഇത്തരം കലാസൃഷ്ടികളിലൂടെ രണ്ട് രാജ്യങ്ങളേയും തമ്മില്‍ വീണ്ടും തെറ്റിച്ച് രാജ്യസുരക്ഷയെ അപകടത്തിലാക്കുകയാണ് ഈ പ്രദര്‍ശനമെന്ന് വിമര്‍ശനം ഉയര്‍ന്നു. കലാകാരനായ ലിമ്മിനെതിരെ സോഷ്യൽ മീഡിയയിലൂടെ അമേരിക്കന്‍ പൗരന്മാരും രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook