scorecardresearch
Latest News

ആ പല്ലുകൾ നോക്കൂ; പൊതുവേദിയിലെത്തിയത് കിം ജോങ് ഉൻ തന്നെയോ?

മേയ് രണ്ടിന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കിം ജോങ് അല്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും പറയുന്നത്

ആ പല്ലുകൾ നോക്കൂ; പൊതുവേദിയിലെത്തിയത് കിം ജോങ് ഉൻ തന്നെയോ?

സിയോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. കിം ജോങ് ഉന്നിന് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന തരത്തിലും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങൾക്കും മറുപടിയായി മേയ് രണ്ടിന് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മൂന്ന് ആഴ്‌ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇപ്പോൾ വീണ്ടും ചില സംശയങ്ങൾ ഉയരുകയാണ്.

മേയ് രണ്ടിന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കിം ജോങ് അല്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും പറയുന്നത്. കിം ജോങ് ഉന്നിനെ പോലെ സാമ്യമുള്ള ഒരാളാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ സംസാരം. മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ സെങ് അടക്കം രംഗത്തെത്തിയിട്ടുണ്ട്. കിം ജോങ്ങിന്റെ അപരനെയാണ് ഉത്തര കൊറിയ പൊതുവേദിയിൽ എത്തിച്ചതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അവകാശപ്പെടുന്നത്.

പൊതുപരിപാടിയിൽ പങ്കെടുത്ത കിം ജോങ്ങിന്റെ പുതിയ ചിത്രവും അദ്ദേഹത്തിന്റെ തന്നെ മുൻ ചിത്രവും താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്. കിം ജോങ്ങിന്റെ പല്ലുകളും ചെവിയും വ്യത്യാസമുണ്ടെന്നാണ് പ്രധാനമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. രണ്ട് ചിത്രങ്ങളിലും പല്ലുകൾക്ക് വ്യത്യാസമുണ്ടെന്ന് ഇവർ പറയുന്നു. കിം ജോങ് മരിച്ചെങ്കിൽ അത് പരസ്യപ്പെടുത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കിം ജോങ് ഉൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

Read Also: റോഡിൽ ആളുകൾ ബോധംകെട്ട് വീഴുന്നു; ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം

ഉത്തരകൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിർമ്മിച്ച വളം നിർമ്മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോങ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേയ് രണ്ടിനായിരുന്നു സംഭവം. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ജോങ് ഉൻ ചടങ്ങിനെത്തിയതെന്നാണ് റിപ്പോർട്ട്. വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങൾ ആഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്നു കിമ്മിനു മസ്തിഷ്‌കമരണം സംഭവിച്ചെന്ന മട്ടിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ഏപ്രില്‍ 11-നുശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തില്ല. ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം, കിമ്മിന്റെ പ്രത്യേക ട്രെയിൻ രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോന്‍സാനില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

കിം കുടുംബത്തിനായി പ്രത്യേകം തയാറാക്കിയ സ്‌റ്റേഷനില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ ട്രെയിന്‍ പാര്‍ക്ക് ചെയ്തതായി ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ട്രെയിന്‍ കിമ്മിന്റേതാണെന്ന് പറയുന്നുണ്ടെങ്കിലും ബ്രീട്ടിഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് കിം നഗരത്തിലുണ്ടായിരുന്ന കാര്യം സ്ഥിരീകരിച്ചിരുന്നില്ല ട്രെയിനിന്റെ സാന്നിധ്യം കൊണ്ട് ഉത്തരകൊറിയന്‍ നേതാവിന്റെ ആരോഗ്യനിലയെ പറ്റി ഒരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാല്‍, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള പ്രത്യേക മേഖലയിലാണ് കിം ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പ്രാധാന്യമെന്നായിരുന്നു റോയിട്ടേഴ്സ് പറഞ്ഞത്. ഇതിന് മുൻപ് 2014-ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തുവന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kim jong un body double social media