സിയോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിംഗ് ജോങ് നാം മലേഷ്യയില്‍ വെച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയടുയെ യോനാപ്പ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിയോള്‍ സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ദരിച്ചാണ് വാര്‍ത്താ ഏജന്‍സി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചയാണു നാം കൊല്ലപ്പെട്ടതെന്നു പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം 45കാരനായ കിം ജോങ് നാമിനെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് രണ്ടു സത്രീകള്‍ നാമിനെ വിഷം കുത്തിവയ്ക്കുകയായിരുന്നുവെന്നു ദക്ഷിണകൊറിയന്‍ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ വണ്ടിയില്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
നാല്‍പ്പത് വയസ് കഴിഞ്ഞ ഒരു കൊറിയക്കാരനെ വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു തങ്ങള്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു എന്നുമാണ് മലേഷ്യന്‍ പൊലീസ് പറയുന്നത്. എന്നാല്‍ മരണപ്പെട്ടയാളുടെ വിവരങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണു പൊലീസ് പറയുന്നത്. ഇയാള്‍ ആരാണെന്നും തങ്ങള്‍ക്കറിയില്ലെന്നും മലേഷ്യന്‍ പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തരകൊറിയയിലെ പരിഷ്കരണങ്ങളുടെ കാര്യസ്ഥന്‍ എന്നാണ് നാം അറിയപ്പെട്ടിരുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ എതിര്‍ത്തിരുന്നയാളാണ് നാം. 2013 ല്‍ തന്റെ അമ്മാവനായ യാങ് സോങ് തെയ്ക്കിനെ വധശിക്ഷവിധേയനാക്കിയിരുന്നു കിം ജോങ് ഉന്‍. രാജ്യത്തെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത നാമിന്റെ കൊലപാതകത്തിന് പിന്നില്‍ കിം ജോങ് ഉന്‍ ആണെന്നാണ് സൂചന.