സിംഗപ്പൂർ സിറ്റി: വൈറ്റ് ഹൗസ് സന്ദർശിക്കാനുളള ക്ഷണം ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ സ്വീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ ഉത്തര കൊറിയയുമായി കൂടുതൽ ചർച്ചകൾ നടത്തും. കൊറിയൻ ഉപദ്വീപിലെ സൈനിക പരിശീലനങ്ങൾ ഇന്നത്തെ ചർച്ചയോടെ അമേരിക്ക നിർത്തും. എന്നാൽ കൊറിയൻ ഉപദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. കിം ജോങ് ഉന്നുമായുളള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
സമ്പൂർണ ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ തയ്യാറാണ്. ഇക്കാര്യത്തിൽ കിം ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമ്പൂർണ ആണവനിരായുധീകരണം പൂർത്തിയാകുന്നതുവരെ കൊറിയയ്‌ക്കുമേൽ ഉപരോധം തുടരും. ആണവ മിസൈൽ പരീക്ഷണശാല അധികം വൈകാതെ അടച്ചുപൂട്ടുമെന്ന് കിം അറിയിച്ചിട്ടുണ്ട്. യുദ്ധഭീഷണി ഇനിയില്ലെന്നും ട്രംപ് പറഞ്ഞു. കിമ്മിന്റേത് ജനനന്മ കണക്കിലെടുത്തുളള ധീരമായ ചുവടുവയ്‌പ് ആണെന്നും ധീരന്മാർക്കാണ് സമാധാനം സാധ്യമാക്കാനാവുകയെന്നും ട്രംപ് പറഞ്ഞു.
— Donald J. Trump (@realDonaldTrump) June 12, 2018
അതനിടെ, യുഎസ്-ഉത്തര കൊറിയ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്‌തു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാന നീക്കങ്ങളെ എന്നും ഇന്ത്യ അനുകൂലിച്ചിരുന്നു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും വേണം പ്രശ്‌നങ്ങൾ പരിഹരിക്കാനെന്നും ഇന്ത്യ വ്യക്തമാക്കി.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ചരിത്ര പ്രധാനമായ കൂടിക്കാഴ്‌ച നടന്നത്. നാലര മണിക്കൂറിലേറെയാണ് കൂടിക്കാഴ്‌ചയും ചർച്ചയും നീണ്ടുനിന്നത്. നിർണായക വിഷയങ്ങൾ ചർച്ച ചെയ്‌തു. ചർച്ചകൾക്കൊടുവിൽ ട്രംപും ഉന്നും സമാധാന കരാറിൽ ഒപ്പുവച്ചു.
What was US President Donald Trump's impression from Kim Jong Un?
"A very talented man."#TrumpKimSummit pic.twitter.com/t1xscAaQ1t
— dwnews (@dwnews) June 12, 2018
അമേരിക്കയിലെയും കൊറിയയിലെയും ജനങ്ങളുടെ ക്ഷേമത്തിന് ഒരുമിച്ച് പ്രവർത്തിക്കും, കൊറിയൻ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ നടപടിയെടുക്കും, ആണവനിരായുധീകരണ പ്രവർത്തനങ്ങൾ ഉത്തര കൊറിയ പൂർത്തിയാക്കും, യുദ്ധക്കെടുതിയിൽപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കും എന്നിവയായിരുന്നു കരാറിലെ ചില ഉടമ്പടികൾ.