ഹൈദരാബാദ്: അഞ്ചുവര്‍ഷത്തിലധികം ഇന്ത്യയില്‍ താമസിച്ച തങ്ങളെ തിരിച്ച് മ്യാന്‍മാറിലേക്ക് പറഞ്ഞയക്കരുതെന്ന് ഇന്ത്യയില്‍ അഭയം തേടിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേന്ദ്രസര്‍ക്കാരിനോട്. മ്യാന്‍മാറിലേക്ക് തിരിച്ചു പോകുന്നതിലും ഭേദം മരിക്കുന്നതാണെന്നും തങ്ങളോട് അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കണമെന്നും ഹൈദരാബാദില്‍ പുനരധിവസിപ്പിച്ച അഭയാര്‍ത്ഥികള്‍ പറഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ് ഹൈദരാബാദില്‍ അഭയം തേടിയിരിക്കുന്ന ഇവര്‍ വിഷമത്തിലാണ്.

‘ഞങ്ങളെ ഇവിടെ ജീവിക്കാന്‍ അനുവദിച്ച ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ ഞങ്ങളെ തിരിച്ചയക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അങ്ങനെയാകാം. പക്ഷെ അതിലും ഭേദം ഞങ്ങളെ ഇവിടെ വച്ചുതന്നെ കൊന്നു കളയുന്നതാണ്.’ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി അബ്ദുള്‍ റഹീം പറയുന്നു.

ഇന്ത്യയില്‍ ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് ഹൈദരാബാദിലാണ്. ഏഴായിരത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. നഗരത്തില്‍ ചെറിയ കുടിലുകളിലും ഒറ്റമുറി വീടുകളിലുമാണ് പല കുടുംബങ്ങളും ജീവിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook