/indian-express-malayalam/media/media_files/2026/01/21/digital-arrst-2026-01-21-12-16-39.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് തഴച്ചുവളരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. തട്ടിപ്പിന് ഇരയാകുന്നുവെന്ന് തോന്നിയാൽ നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് ഇടപാടുകൾ മരവിപ്പിക്കാൻ സഹായിക്കുന്ന കിൽ സ്വിച്ച് സംവിധാനമാണ് ഇതിൽ പ്രധാനം.
എന്താണ് കിൽ സ്വിച്ച്?
ഉപഭോക്താക്കളുടെ യുപിഐ ആപ്പുകളിലോ ബാങ്കിംഗ് ആപ്പുകളിലോ ഒരു പ്രത്യേക 'എമർജൻസി ബട്ടൺ' ഉൾപ്പെടുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി ശുപാർശ ചെയ്യുന്നത്. സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കുമ്പോൾ ഈ ബട്ടൺ അമർത്തുന്നതിലൂടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ പണമിടപാടുകളും ഉടനടി തടയാൻ സാധിക്കും. തട്ടിപ്പുകാർ പണം കൈക്കലാക്കുന്നത് ഇതിലൂടെ തടയാനാകും.
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ബാങ്കിംഗ് മേഖലയിലെ റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഇതിനകം തന്നെ വിവിധ ഓഹരി ഉടമകളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഭീകരാക്രമണങ്ങൾക്കെതിരെയുള്ള ഇൻഷുറൻസ് പൂളുകൾക്ക് സമാനമായി, ഡിജിറ്റൽ തട്ടിപ്പുകൾക്കായി ഒരു പ്രത്യേക ഇൻഷുറൻസ് ഫണ്ട് രൂപീകരിക്കാനാണ് ആലോചന.
Also Read: ഡിജിറ്റൽ അറസ്റ്റ്; 58 കോടി രൂപ കവർന്നു; ഇരയായത് 72കാരൻ; തട്ടിപ്പ് ഇങ്ങനെ
പോലീസ് അല്ലെങ്കിൽ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകൾ വഴി ആളുകളെ ഭയപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്. രാജ്യത്തുടനീളം ഇത്തരം തട്ടിപ്പുകളിലൂടെ ഏകദേശം 3,000 കോടി രൂപയോളം ജനങ്ങൾക്ക് നഷ്ടപ്പെട്ടതായാണ് കണക്കുകൾ. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഉന്നതതല സമിതിയുടെ ഇടപെടൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതിയിൽ ഐടി മന്ത്രാലയം, ആർബിഐ, സിബിഐ, എൻഐഎ, ടെലികോം വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളാണ്. ഗൂഗിൾ, വാട്ട്സ്ആപ്പ് തുടങ്ങിയ ടെക് കമ്പനികളുമായും സമിതി ചർച്ചകൾ നടത്തുന്നുണ്ട്.
തട്ടിപ്പ് പണം ഉടനടി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാനുള്ള സാങ്കേതിക വിദ്യകളും സമിതി പരിശോധിച്ചു വരികയാണ്.ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Read More:ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; സെക്യൂരിറ്റി ഇല്ലാത്ത ബാങ്കിൽനിന്ന് 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us