ബെംഗളൂരു: ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) പ്രവര്‍ത്തകനെ കൊന്നവരെ ‘ദയയില്ലാതെ കൊല്ലാന്‍’ നിര്‍ദേശം നല്കുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ വീഡിയോ ശബ്ദരേഖ പുറത്ത്. തിങ്കളാഴ്ചയാണ് മദ്ദൂരില്‍ വച്ച് എച്ച്.പ്രകാശ് എന്ന ജെഡിഎസ് പ്രവര്ത്തകന് കൊല്ലപ്പെട്ടത്. ‘അയാള്‍ (പ്രകാശ്) നല്ല മനുഷ്യനായിരുന്നു. ആരാണ് അദ്ദേഹത്തെ കൊന്നതെന്ന് അറിയില്ല. ആരായാലും അവരെ ദയ കാണിക്കാതെ കൊന്ന് കളഞ്ഞേക്ക്. ഒരു പ്രശ്നവും ഉണ്ടാവില്ല,’ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ കുമാരസ്വാമി പറയുന്നു.
ശബ്ദരേഖ ഉളള വീഡിയോ വൈറലായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകം അറിഞ്ഞ വൈകാരിക മുഹൂര്‍ത്തത്തില്‍ താന്‍ പറഞ്ഞുപോയതാണെന്ന് കുമാരസ്വാമി പറഞ്ഞു. ‘പ്രകാശ് ആത്മാര്‍ത്ഥതയുളള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കുറ്റവാളികളെ പിടികൂടാന്‍ ജില്ലാ പൊലീസ് ശ്രമം നടത്തുന്നുണ്ട്,’ അദ്ദേഹം വ്യക്തമാക്കി. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുമാരസ്വാമി കൊല നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
കർണാടകയിലെ മാണ്ഡ്യയിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് 4.30നാണ് ജെഡിഎസിന്റെ പ്രാദേശിക നേതാവായ പ്രകാശൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ പ്രകാശന്റെ കാർ നിർത്തിച്ച് വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. അദ്ദേഹത്തെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു പ്രകാശ്.