ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പാകിസ്ഥാൻ പോലുള്ള രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് അഭയം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു.
സിഖ്, ഹിന്ദു മതസ്ഥരായ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും തങ്ങളെ ബലാത്സംഗം ചെയ്തവരെ വിവാഹം കഴിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ട്. അവരെല്ലാം ഇന്ത്യയിൽ അഭയം ആഗ്രഹിക്കുന്ന ആളുകളാണ്. ഈ നിയമം അവർക്ക് അഭയം നൽകുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്,” സ്മൃതി ഇറാനി പറഞ്ഞു.
ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവിടുത്തെ അന്തരീക്ഷം വിഷലിപ്തമാണെന്നും അതിനാൽ അവരോട് സംസാരിക്കാൻ സാധിക്കുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
Read More: സിഎഎ, എൻആർസി: മതസ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് മോദിയുമായി ചർച്ച നടത്തും
“ഞങ്ങൾ മോദിയെ കൊലപ്പെടുത്തും” എന്ന മുദ്രാവാക്യം വിളിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ നിങ്ങൾ എന്താണ് പറയുക? ആളുകൾ ‘ഭാരത് തെരേ തുക്ഡെ ഹോംഗേ’ എന്ന് പറയുന്നവരോട് നിങ്ങൾ എന്താണ് പറയുക? ഞങ്ങൾ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങൾ എന്താണ് പറയുക…? ” സ്മൃതി ഇറാനി ചോദിച്ചു.
പ്രതിഷേധക്കാർ മക്കളെ എന്തിനാണ് പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും അവർ ചോദിച്ചു. ശൈത്യകാലത്ത് ഒരു സ്ത്രീ തന്റെ നാലുമാസം പ്രായമുള്ള കുട്ടിയെ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നത് തീർത്തും ഞെട്ടലോടെയാണ് അറിഞ്ഞതെന്നും ഇത് ഒടുവിൽ കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചവെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധക്കാർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് സമ്മതിക്കുന്നുവെങ്കിലും, ഷഹീൻ ബാഗിൽ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുയോഗിക്കുന്നതിനോട് സൽമാൻ ഖുർഷിദിനെ പോലുള്ള കോൺഗ്രസ് നേതാക്കൾ വല്ലാതെ അഭിനിവേശം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞു.
“പണ്ഡിറ്റുകളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം അതേ ആശങ്ക പ്രകടിപ്പിക്കാതിരുന്നത്?” അവർ ചോദിച്ചു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെങ്കിലും അവർ റോഡുകൾ തടയരുത്, അല്ലാത്തപക്ഷം അത് കുഴപ്പത്തിലേക്ക് നയിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞിരുന്നു.
ഷഹീൻ ബാഗിൽ സമരം ചെയ്യാൻ അനുവദിക്കുമ്പോഴും പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ കോടതി മൂന്ന് മധ്യസ്ഥരെ അത് നിയമിച്ചിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇവർ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടു.
സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 15 ന് ആരംഭിച്ച ഷഹീൻ ബാഗിലെ പ്രതിഷേധം ഡൽഹിയേയും നോയിഡയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പ്രതിബന്ധം സൃഷ്ടിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.