ജലന്ദര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വച്ച് തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തിലെ നാല് പേരുടേയും മരണം അവരുടെ ബന്ധുക്കളെയാകെ ഉലച്ചിരിക്കുകയാണ്. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഗ്രാമവാസികള്‍ പലരും വ്യാഴാഴ്ച രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. അമേരിക്ക പോലൊരു രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമൊ എന്ന ആശ്ചര്യത്തിലാണ് ബന്ധുക്കള്‍.
ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ എട്ട് മാസം പ്രായമുള്ള മകൾ അരൂഹി ധേരി, ജസ്ദീപിന്റെ സഹോദരൻ അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹങ്ങൾ ഒരു തോട്ടത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇവരുടെ വ്യാപാര സ്ഥാപനത്തിലെത്തിയാണ് ഒരു സംഘം കുടുംബത്തെ തട്ടിക്കൊണ്ട് പോയത്.
ജസ്‌ലീന്റെ വിയോഗം താങ്ങാനാവുന്നതല്ലെന്നാണ് ബന്ധുവായ അമന്‍ദീപ് കൗര്‍ പറയുന്നത്. ജസ്‌ലീന്റെ പിതാവും മാതാവും സംസാരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല.
ഹോഷിയാർപൂരിലെ ഹർസി പിന്ദ് ഗ്രാമമാണ് ജസ്ദീപിന്റെ സ്വദേശം. മാതാപിതാക്കളായ രൺധീർ സിങ്ങും കിർപാൽ കൗറും ചൊവ്വാഴ്ച രാത്രി യുഎസിലേക്ക് മടങ്ങി. മാതാപിതാക്കളും അമേരിക്കയില്‍ തന്നെയാണ് താമസം. ഉത്തരാഖണ്ഡ് യാത്രക്കായി ഇന്ത്യയിലേക്ക് എത്തിയപ്പോഴാണ് മകനേയും കുടുംബത്തേയും തട്ടിക്കൊണ്ടുപോയ വിവരം അവര്‍ അറിഞ്ഞത്. കുടുംബത്തിന് നീതി ലഭിക്കണമെന്ന് ജസ്ദീപിന്റെ ബന്ധുവായ ചരൺജിത് സിങ് ആവശ്യപ്പെട്ടു.
2019 ജനുവരിയിലാണ് ജസ്‌ലീൻ ജസ്ദീപിനെ വിവാഹം കഴിക്കുന്നത്. 2020 ഒക്ടോബറില്‍ ജസ്‌ലീൻ അമേരിക്കയിലേക്കും പോയതായി പിതാവ് ഗുര്‍നാം സിങ് പറഞ്ഞു.
അടുത്ത ജനുവരിയില്‍ അവള്‍ ഞങ്ങളെ കാണാന്‍ വരാമെന്ന് പറഞ്ഞതായിരുന്നു. “പേരക്കുട്ടിയെ ആദ്യമായി ഒന്ന് കാണാന്‍ ഞങ്ങള്‍ കൊതിച്ചിരിക്കുകയായിരുന്നു. നാട്ടിലേക്കുള്ള കുഞ്ഞിന്റെ ആദ്യത്തെ വരവായതിനാല്‍ ആഘോഷിക്കണമെന്നെല്ലാം പദ്ധതിയിട്ടിരുന്നു. പക്ഷെ എങ്ങനെ എന്തിനാണ് അവരെ തട്ടിക്കൊണ്ട് പോയതെന്ന് അറിയില്ല,” ഗുര്‍നാം സിങ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കാലിഫോര്‍ണിയ പൊലീസ് 48-കാരനായ ജീസസ് മാനുവല്‍ സലാദോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ട ഒരാളുടെ എടിഎം കാര്‍ഡ് ജീസസ് ഉപയോഗിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ആയുധധാരിയായ ഒരാള്‍ കുടുംബത്തെ അവരുടെ വ്യാപാര സ്ഥാപനത്തിന് പുറത്തേക്ക് കൊണ്ടു വരുന്ന വീഡിയോയും പൊലീസ് പുറത്തു വിട്ടു.