ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്ക് മുമ്പ് തട്ടിക്കൊണ്ടു പോയ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ ദ്വാരകയില്‍ നിന്നാണ് 21കാരനായ ആയുഷ് നൗതിയാലിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആയുഷിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കോളേജിലേക്ക് പോവാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് ആയുഷിനെ കാണാതായത്. വൈകുന്നേരമായിട്ടും ആയുഷ് തിരികെ വരാത്തത് കണ്ട പിതാവിന്റെ ഫോണിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം വരികയായിരുന്നു. ആയുഷിന്റെ ഫോണില്‍ നിന്നും അയച്ച സന്ദേശത്തില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ ആയുഷിനെ കെട്ടിയിട്ട രീതിയിലുളള ഫോട്ടോ ആണ് ഉണ്ടായിരുന്നത്. യുവാവിനെ വെറുതെ വിടണമെങ്കില്‍ 50 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് അക്രമികള്‍ക്കായി 10 ലക്ഷം രൂപ സംഘടിപ്പിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ ലഭ്യമായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി ദ്വാരകയിലെ അഴുക്കുചാലില്‍ ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്. രാംലാല്‍ ആനന്ദ് കോളേജില്‍ അവസാന വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ഇവരുടെ ഏക മകനായ ആയുഷ്.

അക്രമികളെ കണ്ടെത്താന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പണവുമായി രണ്ട് ദിവസം അക്രമികള്‍ക്കായി വാഹനത്തില്‍ സഞ്ചരിച്ചിട്ടും ആരേയും കണ്ടെത്താനായില്ലെന്ന് ഇവര്‍ പറഞ്ഞു. പൊലീസ് വാഹനം തങ്ങളുടെ പിന്നാലെ വന്നതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും ഇവര്‍ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ