ബെംഗളൂരു: ബോക്സിങ് ചാംപ്യൻഷിപ്പിനിടെ ബോക്സർ മരിച്ച സംഭവത്തിൽ ബെംഗളൂരു പൊലീസ് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാനതല കെ1 കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിനിടെയാണ് എതിരാളിയിൽ നിന്നുള്ള ഇടിയേറ്റ് മൈസൂരു സ്വദേശിയായ നിഖിൽ (23) മരിച്ചത്. ജൂലൈ 10ന് ജ്ഞാനജ്യോതി നഗറിലെ പൈ ഇന്റർനാഷണൽ ബിൽഡിങ്ങിൽ നടന്ന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു അപകടം.
എതിരാളിയിൽനിന്നും തുടർച്ചയായുള്ള ഇടിയേറ്റ് നിഖിൽ റിങ്ങിൽ വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അബോധാവസ്ഥയിലായ നിഖിലിനെ ഉടൻ ബെംഗളൂരുവിലെ നാഗരഭാവിയിലെ ജിഎം ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ നിഖിൽ ബുധനാഴ്ച മരണത്തിന് കീഴടങ്ങി.
ജൂലൈ 10 ന് വൈകുന്നേരം 6 മണിയോടെ മകന് കളിക്കുന്നതിനിടെ പരുക്കേറ്റതായി ഒരാൾ മൊബൈൽ ഫോണിലേക്ക് വിളിച്ചതായി അമ്മ വിമല പറഞ്ഞു. നിലത്ത് വിരിച്ചിരുന്ന മാറ്റ് വളരെ നേർത്തതായിരുന്നുവെന്നും നിഖിൽ ഇടിയേറ്റു നിലത്ത് വീണതോടെ സാരമായ പരുക്കുകളേറ്റെന്നും പിതാവ് സുരേഷ് ആരോപിച്ചു. പരുക്കേറ്റപ്പോൾ സംഘാടകർ പ്രാഥമിക ചികിത്സ നൽകിയില്ലെന്നും പാരാമെഡിക്കൽ യൂണിറ്റോ ഓക്സിജൻ സൗകര്യമോ സ്ട്രെച്ചറോ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അപകടത്തെ തുടർന്ന് സംഘാടകൻ നവീൻ രവിശങ്കർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും സുരേഷ് ആരോപിച്ചു. സംഘാടകർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 (എ) പ്രകാരം കേസെടുത്തതായും നിഖിലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും ജ്ഞാന ഭാരതി പൊലീസ് അറിയിച്ചു.