ചെന്നൈ: രാജ്യത്ത് കോവിഡ് വ്യാപനം ഇപ്പോഴുള്ള നിലയിൽ വർധിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിറകെ മാപ്പ് പറഞ്ഞ് അഭിനേത്രിയും ബിജെപി നേതാവുമായ ഖുഷ്ബു. കോവിഡ് സ്ഥിരീകരിച്ച ഒരു വ്യക്തിക്കെങ്കിലും രോഗം വരാൻ താൻ ഉത്തരവാദിയാണെങ്കിൽ അതിന് മാപ്പു പറയുകയാണെന്ന് ഖുഷ്ബു ട്വീറ്റ് ചെയ്തു. കോടതിക്ക് മുന്നിൽ താൻ തലതാഴ്ത്തുകയാണെന്നും അവർ ട്വീറ്റിൽ പറഞ്ഞു.
“മദ്രാസ് ഹൈക്കോടതിക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഒരു വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതിന് പോലും ഞാൻ ഉത്തരവാദിയാണെങ്കിൽ ഞാൻ മാപ്പു പറയുന്നു. (ട്രോളുകളുമായെത്തുന്നവർക്ക് പിൻസീറ്റിലേക്ക് മാറി നിൽക്കാം, മാത്രമല്ല അവർ അവരുടെ വൃത്തികെട്ട നിറങ്ങൾ കാണിക്കാതിരിക്കുക),” ഖുഷ്ബു ട്വീറ്റ് ചെയ്തു.
I bow down my head to #MadrasHC . If I am responsible for even one person testing positive for #Covid19 , I am sorry. 🙏🙏🙏🙏
— KhushbuSundar ❤️ (@khushsundar) April 26, 2021
( trolls can take a backseat and not show their dirty ugly colors )
തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വലിയ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തിരുന്നു. വോട്ടർമാരോട് സ്ഥാനാർത്ഥികൾ സാമൂഹിക അകലം പാലിക്കാതെ അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു.
Read More: കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷൻ; കൊലക്കുറ്റം ചുമത്താം: മദ്രാസ് ഹൈക്കോടതി
ഇപ്പോഴത്തെ കോവിഡ് -19 വ്യാപനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്ര ഉത്തരവാദിയെന്നും. നിരുത്തരവാദപരമായ പെരുമാറ്റത്തിന് കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്തേണ്ടതാണെന്നുമാണ് മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച അഭിപ്രായപ്പെട്ടത്.
കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ തടയാതിരുന്നതിന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെയും ആദ്യ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ചു. “ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങൾക്ക് മാത്രമാണ് ഉത്തരവാദിത്തം,” എന്നും മദ്രാസ് ഹൈക്കോടതി കമ്മിഷനെ ലക്ഷ്യമിട്ട് പറഞ്ഞു.
Read More: കോവിഡ് 19 സംബന്ധിച്ച ‘തെറ്റായ വാർത്തകൾ’ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങളോട് കേന്ദ്ര സർക്കാർ
വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിന് തന്റെ മണ്ഡലമായ കരൂരിൽ ആൾക്കൂട്ടമുണ്ടാവുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്തി എംആർ വിജയഭാസ്കർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.