ചെന്നൈ: മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന തന്റെ വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ 30 പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.
മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഖുശ്ബു സുന്ദര്‍ പറഞ്ഞത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഖുശ്ബു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അവര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.
Read More: രാജ്യത്തെ നയിക്കാൻ മോദിയെ പോലുള്ളവർ വേണം; നടി ഖുശ്ബു ബിജെപിയിൽ
പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നെപ്പോലുള്ളവരെ ‘പാര്‍ട്ടിയിലെ ഉന്നത തലങ്ങളില്‍ ഇരിക്കുന്ന ചിലര്‍ ഘടകങ്ങള്‍’ അടിച്ചമര്‍ത്തുകയാണെന്ന് സോണിയ ഗാന്ധിക്കെഴുതിയ രാജി കത്തില്‍ ഖുശ്ബു പറഞ്ഞിരുന്നു. “അടിസ്ഥാന യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അല്ലെങ്കില്‍ പൊതുജങ്ങളുടെ അംഗീകാരമില്ലാത്ത ആളുകള്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നു” എന്നും അവര്‍ രാജിക്കത്തില്‍ ആരോപിച്ചിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയാണ് ഖുശ്ബുവിന്റെ ബിജെപി പ്രവേശനം എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ആറുവര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു ഖുശ്ബു.
കേന്ദ്രസര്‍ക്കാര്‍ ജൂലൈയില്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ഖുശ്ബു പിന്തുണച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസുമായുള്ള ഖുശ്ബുവിന്റെ ഭിന്നതയെക്കുറിച്ച് ആദ്യം പ്രചരിക്കാനിടയാക്കിയത്. എന്നാല്‍, പാര്ട്ടിനയത്തില്നിന്നും വ്യത്യസ്തമായ നിലപാടിന്റെ പേരില്‍ അവര്‍ രാഹുല്‍ ഗാന്ധിയോട് ട്വീറ്റിലൂടെ ക്ഷമാപണം നടത്തിയിരുന്നു.