പാക്കിസ്ഥാന്‍ സൈനിക കോടതിയില്‍ വിചാരണ നേരിടുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവ് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ മുമ്പാകെ ദയാഹര്‍ജി ദയാഹര്‍ജി സമര്‍പിച്ചു.

ദയാഹര്‍ജിയില്‍ കുല്‍ഭൂഷണ്‍ യാദവ് “പാക്കിസ്ഥാനില്‍ നടന്ന തീവ്രവാദം, ചാരപ്രവര്‍ത്തനം, മറ്റു വിധ്വംസക പ്രവര്‍ത്തനം എന്നിവയില്‍ പങ്കുള്ളതായി” സമ്മതിക്കുകയും അതിനെ തുടര്‍ന്നു ജീവിതങ്ങള്‍ക്കും വസ്തുക്കള്‍ക്കും സംഭവിച്ച വന്‍തോതിലുള്ള നഷ്ടത്തില്‍ ‘ഖേദം’ പ്രകടിപ്പിക്കുകയും ചെയ്തതായി പാക്കിസ്ഥാന്‍ ഇന്‍റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പാകിസ്താന്‍ സൈന്യത്തിന്റെ ഔദ്യോഗികവക്താവായ ആസിഫ് ഗഫൂര്‍ ഇതുസംബന്ധിച്ച പത്രകുറിപ്പടക്കം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.  ” തീവ്രവാദം, ചാരവൃത്തി, വിധ്വംസക പ്രവര്‍ത്തനം എന്നിവ മാപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്  ഇന്ത്യന്‍ ചാരന്‍ കുല്‍ഭൂഷണ്‍ യാദവ് പാകിസ്താന്‍ സൈനിക മേധാവി (COAS) മുമ്പാകെ മാപപേക്ഷിച്ചു” എന്നായിരുന്നു ട്വീറ്റ്

കുല്‍ഭൂഷണ്‍ മുമ്പും സൈനിക കോടതിയെ ദയാഹര്‍ജിക്കായി സമീപിച്ചിട്ടുണ്ട് എന്നും അന്ന് ഹര്‍ജി തള്ളിപോയതാണ് എന്നും പ്രസ്താവന പറയുന്നു. പാക്കിസ്ഥാന്‍ നിയമപ്രകാരം കുല്‍ഭൂഷണ്‍ യാദവിനു ദയാവായ്പ്പു വേണം എങ്കില്‍ ആദ്യം പാക് സൈനിക മേധാവിയെ സമീപിക്കാം. അത് തള്ളിപോവുകയാണ് എങ്കില്‍ രാഷ്ട്രപതിയേയും സമീപിക്കാവുന്നതാണ്.

ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ യാദവിനു വധശിക്ഷ വിധിച്ചുകൊണ്ട് പാക് കോടതി വിധിപുറപ്പെടുവിക്കുന്നത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു.

Read More : കുല്‍ഭൂഷണ്‍ കേസ്: വിധിക്കപ്പുറമുളള യാഥാർത്ഥ്യങ്ങൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ