ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ വിഭവമായ കിച്ചടി ഇന്ത്യയുടെ ദേശീയ ഭക്ഷണമാകുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം നവംബര്‍ 4ന് നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷ്യ വിതരണ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുളള മികച്ച പാചകക്കാര്‍ ചേര്‍ന്ന് 800 കിലോഗ്രാം ഭാരമുളള കിച്ചടി തയ്യാറാക്കും. കേരളത്തില്‍ സദ്യയിലെ പ്രധാന വിഭവമായ കിച്ചടി ആണ് ഇതെന്ന് കരുതിയാല്‍ തെറ്റി. അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഒരു ദക്ഷിണേഷ്യൻ വിഭവമാണ് കിച്ചടി.

ഭക്ഷ്യ മന്ത്രാലയമാണ് കിച്ചടിയെ ദേശീയ ഭക്ഷണമായി തെരഞ്ഞെടുക്കാനുളള നിര്‍ദേശം കേന്ദ്രത്തിന് മുമ്പില്‍ വെച്ചത്. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. രാജ്യത്തുടനീളം യാതൊരു വ്യത്യാസവും കൂടാതെ സ്വീകരിക്കപ്പെടുന്ന ഭക്ഷണമാണ് കിച്ചടി എന്നാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഇന്ത്യൻ വിഭവമായ കേട്ഗേരീക്കും പ്രശസ്തമായ ഈജിപ്ഷ്യൻ വിഭവമായ കുഷാരിക്കും പ്രചോദനം കിച്ചടിയിൽനിന്നാണെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. ഇന്ത്യൻ സംസ്കാരത്തിൽ ഒരു കുട്ടി കഴിക്കുന്ന ആദ്യ കട്ടി ഭക്ഷണമാണ് കിച്ചടിയെന്നും പറയപ്പെടുന്നു.

തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്നാട്ടില്‍ സമാനമായ വിഭവത്തിന് പൊങ്കലെന്നും പുലാഗാം എന്നാണുമാണ് പേര്. നവംബര്‍ 3, അല്ലെങ്കില്‍ 4 തിയതിയില്‍ ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook